ന്യൂഡൽഹി: കൊതുക് ശല്യം തടയാൻ വസ്ത്രങ്ങൾ അലക്കുന്നതിലൂടെ സാധിക്കുന്ന പുതിയ വിദ്യയുമായി ഐഐടി ഡൽഹി രംഗത്ത്. തുണി കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജന്റുകളിൽ പ്രത്യേക രാസഘടകങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പ്രതിരോധ മാർഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഐഐടി ഡൽഹിയിലെ ടെക്സ്റ്റൈൽ ആൻഡ് ഫൈബർ എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. ജാവേദ് നബിബക്ഷ ഷെയ്ഖിന്റെ നേതൃത്വത്തിലാണ് ഈ സവിശേഷ ഡിറ്റർജന്റ് വികസിപ്പിക്കുന്നത്. ഈ കണ്ടുപിടുത്തം പരീക്ഷണ ഘട്ടത്തിൽ വലിയ വിജയമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകിയ തുണി കയ്യിൽ ചുറ്റിയ ശേഷം, കൊതുകുകൾ നിറഞ്ഞ ഒരു പെട്ടിയിലേക്ക് കൈ കടത്തി പരിശോധിക്കുന്ന ‘ഹാൻഡ്-ഇൻ-കേജ്’ എന്ന രീതിയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. തുണിയിലെ രാസഘടകങ്ങൾ കാരണം കൊതുകുകൾ വ്യക്തിയെ കടിക്കുന്നില്ലെന്ന് ഈ പരീക്ഷണത്തിലൂടെ തെളിയിക്കാൻ സാധിച്ചു.
Also Read: സെംഗാറിന് തിരിച്ചടി! ഉന്നാവ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഈ പുതിയ ഡിറ്റർജന്റ് ഉപയോഗിച്ച് വസ്ത്രങ്ങൾ ഇടയ്ക്കിടെ അലക്കുന്നത് കൊതുകുകളെ അകറ്റി നിർത്താനുള്ള കഴിവ് ദീർഘകാലം നിലനിർത്താൻ സഹായിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഡിറ്റർജന്റിൽ അടങ്ങിയ ഘടകങ്ങൾ കൊതുകുകൾക്കു ഗന്ധത്തിലൂടെയും രുചിയിലൂടെയും തിരിച്ചറിയാൻ കഴിയുമെന്നും ഗവേഷകർ അവകാശപ്പെട്ടു.
The post ഇനി തുണി അലക്കുമ്പോൾ കൊതുകും പമ്പകടക്കും; പുതിയ ഡിറ്റർജന്റ് വികസിപ്പിച്ച് ഐഐടി ഡൽഹി appeared first on Express Kerala.



