കൊടുങ്ങല്ലൂർ: എറിയാട് വൈദ്യര് ജംഗ്ഷനിലുള്ള പടിയത്ത് ശ്രീഭുവനേശ്വരി ഭദ്രകാളി ധർമ്മ ദൈവക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. എറിയാട് വില്ലേജിൽ വൈദ്യര് ജംഗ്ഷൻ പടിയത്ത് വീട്ടിൽ ഷിജിത്ത് (28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 2026 ഫെബ്രുവരി 21-ാം തിയ്യതി പുലർച്ചെ 3 മണിക്കും ഫെബ്രുവരി 28-ാം തിയ്യതി രാവിലെ 8 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതി, അവിടെയുണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങൾ തകർത്ത് അതിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ കവരുകയായിരുന്നു. കൂടാതെ, ക്ഷേത്രത്തിന് മുന്നിൽ തൂക്കിയിട്ടിരുന്ന, ഏതാണ്ട് പതിനായിരം രൂപയോളം വിലവരുന്ന ഓടിൽ തീർത്ത രണ്ട് വലിയ മണികളും പ്രതി മോഷ്ടിച്ചുകൊണ്ട് പോയി.
ക്ഷേത്ര പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ വലയിലാക്കുകയുമായിരുന്നു. നടപടി ക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വിവേക്, ജി എസ് ഐ ഷാബു, ജി എ എസ് സി പി ഒ ഗിൽബർട്ട്, സി പി ഒ വിഷ്ണു, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



