ആർഭാട ജീവിതത്തിന് കൊള്ള; ചാലക്കുടിയിൽ വയോധികയെ ആക്രമിച്ച് വള കവർന്ന ധനകാര്യ സ്ഥാപനത്തിലെ ലോൺ അപ്രൂവൽ ഓഫീസർ പിടിയിൽ
ചാലക്കുടി : പുലർച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ വഴിയിൽ ഒളിഞ്ഞുനിന്ന് ആക്രമിച്ച് ബോധം കെടുത്തിയ ശേഷം മൂന്ന് പവൻ സ്വർണ്ണവളകൾ കവർന്ന കേസിൽ പ്രതിയെ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂർ തലശ്ശേരി തിരുവങ്കാട് ‘ഗീതം നിവാസിൽ’ റോഷൻ (46) ആണ് അറസ്റ്റിലായത്. കണ്ണൂരിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ഓൺലൈൻ ലോൺ അപ്രൂവൽ ഓഫീസറായി ജോലി ചെയ്യുന്ന ഇയാൾ ആർഭാട ജീവിതം നയിക്കാനാണ് ഈ കൊള്ള നടത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി പോട്ട വാഴകുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.കഴിഞ്ഞ മെയ് 30-ന് പുലർച്ചെ 5.25 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വാഴക്കുന്ന് സ്വദേശിയായ വയോധിക വീട്ടിൽ നിന്നും പോട്ട ലിറ്റിൽ ഫ്ലവർ പള്ളിയിലേക്ക് ഉറുമ്പൻകുന്ന് – എഡ്ഢി കറണ്ട് റോഡിലൂടെ നടന്നുപോവുകയായിരുന്നു. വാഴക്കുന്ന് എത്തുന്നതിന് തൊട്ടുമുമ്പുള്ള വിജനമായ സ്ഥലത്ത് വെച്ച് കൈകളിൽ ഗ്ലൗസ് ധരിച്ചെത്തിയ റോഷൻ വയോധികയെ പിന്നിലൂടെ ആക്രമിച്ച് മുഖം പൊത്തിപ്പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അക്രമിച്ചാണ് വളകൾ കവർന്നത്. അക്രമി വ്യായാമം ചെയ്യുന്നവർ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് വയോധിക പോലീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് അന്വേഷണസംഘം പ്രദേശത്ത് പുലർച്ചെ നടക്കാനിറങ്ങുന്ന എഴുപതോളം പേരുടെ ശാരീരിക പ്രത്യേകതകളും വസ്ത്രധാരണ രീതിയും രഹസ്യമായി നിരീക്ഷിച്ചു. ഇതിലൂടെയാണ് പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ വലയിലാക്കുകയായിരുന്നു.
ചാലക്കുടി ഡിവൈഎസ്പി ബെന്നി കെ.പി, ഇൻസ്പെക്ടർ ടി. ശശികുമാർ, പ്രൊബേഷൻ എസ്.ഐ വൈശാഖ്, ഡാൻസാഫ് ടീം അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി.എം മൂസ, വി. യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ശ്രീജിത് ഇ.എ , സൈബർ സെൽ ഉദ്യോഗസ്ഥരായ ഷനൂഹ് സി കെ , സനൂപ് സി ആർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



