loader image
മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്; കാലിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി, യുവാവ് വേദന സഹിച്ചത് 5 മാസം

മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്; കാലിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി, യുവാവ് വേദന സഹിച്ചത് 5 മാസം

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാ പിഴവ് റിപ്പോർട്ട് ചെയ്തു. വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ കാലിൽ തറഞ്ഞുകയറിയ ഒന്നരയിഞ്ചോളം നീളമുള്ള ഫൈബർ ചില്ല് നീക്കം ചെയ്യാതെ മുറിവ് തുന്നിക്കെട്ടി പ്ലാസ്റ്ററിട്ടു. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയായ അനന്തു (27) ആണ് അഞ്ച് മാസത്തോളം കഠിനവേദനയുമായി കഴിഞ്ഞത്. ഒടുവിൽ പുന്നപ്രയിലെ സഹകരണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കാലിനുള്ളിൽ ഇരുന്ന ചില്ല് പുറത്തെടുത്തത്.

Also Read: ‘തിരുവനന്തപുരം കോർപ്പറേഷൻ സ്വതന്ത്ര രാജ്യമല്ല’; മേയർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ശിവൻകുട്ടി

കഴിഞ്ഞ ജൂലൈ 17-നുണ്ടായ അപകടത്തെത്തുടർന്നാണ് അനന്തു മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. അന്ന് മുറിവ് പരിശോധിച്ച ഡോക്ടർമാർ ചില്ല് ശ്രദ്ധിക്കാതെ തുന്നലിടുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. തുന്നൽ എടുത്ത ശേഷവും നടക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത വിധം വേദന അനുഭവപ്പെട്ട അനന്തുവിന്റെ കാലിൽ മുഴ രൂപപ്പെടുകയും പഴുപ്പ് വരികയും ചെയ്തു. ഈ മാസം 22-ന് വീണ്ടും മെഡിക്കൽ കോളജിൽ എത്തിയെങ്കിലും മുറിവ് പഴുക്കുന്നത് പ്രമേഹം മൂലമാണെന്ന് പറഞ്ഞ് ഡോക്ടർമാർ ഒഴിഞ്ഞുമാറുകയായിരുന്നു.

See also  സമുദായ സംഘടനകളുടെ കാര്യത്തിൽ ഞങ്ങൾ ഇടപെടാറില്ല! ഐക്യനീക്കം പൊളിഞ്ഞതിൽ മറുപടിയുമായി സതീശൻ

തുടർന്ന് ഐസിയു സൗകര്യമില്ലെന്ന കാരണത്താൽ മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. ഇതിനെത്തുടർന്ന് പുന്നപ്ര സഹകരണ ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മുറിവിനുള്ളിൽ ചില്ല് ഉണ്ടെന്ന് കണ്ടെത്തിയതും ശസ്ത്രക്രിയയിലൂടെ ചില്ല് നീക്കം ചെയ്തതും. അപകടസമയത്ത് മുറിവ് കൃത്യമായി വൃത്തിയാക്കാതെ തുന്നിക്കെട്ടിയതാണ് ഇത്രയും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയ്ക്കെതിരെ മെഡിക്കൽ കോളജ് സൂപ്പർവൈസർ, ജില്ലാ കളക്ടർ, അമ്പലപ്പുഴ പോലീസ് എന്നിവർക്ക് അനന്തു പരാതി നൽകി.
The post മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്; കാലിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി, യുവാവ് വേദന സഹിച്ചത് 5 മാസം appeared first on Express Kerala.

Spread the love

New Report

Close