റിയാദ്: സൗദി അറേബ്യയിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ നടത്തിയ മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ചയായിരുന്നു ശിക്ഷാ നടപടികൾ പൂർത്തിയാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഹുസൈൻ അൽ അബു അബ്ദുല്ല, മൂസ ബിൻ ജാഫർ ബിൻ അബ്ദുല്ല അൽ സഖ്മാൻ, റിദ ബിൻ അലി ബിൻ മഹ്ദി അൽ അമ്മാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ. രാജ്യത്തിന്റെ സുരക്ഷ തകർക്കാനും ഉദ്യോഗസ്ഥരെ വധിക്കാനും ശ്രമിച്ചതുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ അങ്ങേയറ്റം ഗുരുതരമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.വിദേശ ഭീകര സംഘടനയിൽ ചേർന്ന് രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ശ്രമിച്ചതാണ് പ്രതികൾക്കെതിരെയുള്ള പ്രധാന കുറ്റം. സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചും സ്‌ഫോടകവസ്തുക്കൾ നിർമ്മിച്ചും രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ഇവർ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രതികളെ സുരക്ഷാ വിഭാഗം പിടികൂടുകയും വിശദമായ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.
The post വിദേശ ഭീകര സംഘടനകളുമായി ബന്ധം; രാജ്യസുരക്ഷ തകർക്കാൻ ശ്രമിച്ച മൂന്ന് പേരുടെ വധശിക്ഷ വിധി നടപ്പിലാക്കി സൗദി appeared first on Express Kerala.



