സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി പുളിക്കൽ വീട്ടിൽ സന്തോഷ് (57) നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ചെമ്മാപ്പിള്ളി കായംമ്പിള്ളി ആലിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഈ പ്രദേശത്ത് സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി ഉത്പന്നങ്ങൾ വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.




