ഡൽഹി: രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മധ്യപ്രദേശിൽ വിഷാംശമുള്ള കഫ് സിറപ്പ് കഴിച്ച് 20-ലേറെ കുട്ടികൾ മരിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി. നിലവിൽ മരുന്നുകൾ എളുപ്പത്തിൽ വിൽക്കാൻ അനുമതി നൽകുന്ന ഡ്രഗ്സ് റൂൾസിലെ ‘ഷെഡ്യൂൾ കെ’ ലിസ്റ്റിൽ നിന്നും സിറപ്പുകളെ നീക്കം ചെയ്തുകൊണ്ട് കരട് വിജ്ഞാപനം പുറത്തിറക്കി.
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികളുടെ മരണത്തിന് പിന്നിൽ തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച ‘കോൾഡ്രിഫ്’ എന്ന കഫ് സിറപ്പാണെന്ന് കണ്ടെത്തിയിരുന്നു. ഈ സിറപ്പിൽ മാരക വിഷാംശമുള്ള ‘ഡൈ എഥിലിൻ ഗ്ലൈക്കോൾ’ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഈ കമ്പനിയുടെ മരുന്ന് നിർമ്മാണം നിരോധിക്കുകയും വിപണിയിൽ നിന്ന് മരുന്നുകൾ പിൻവലിക്കുകയും ചെയ്തു.
Also Read: ഇന്ത്യൻ ജയിലുകളിൽ 400-ലധികം പാകിസ്ഥാനികൾ! തടവുകാരുടെ വിവരങ്ങൾ പരസ്പരം കൈമാറി ഇരുരാജ്യങ്ങളും
പുതിയ നിയന്ത്രണം വരുന്നതോടെ ടാബ്‌ലെറ്റുകൾ പോലെ എളുപ്പത്തിൽ കഫ് സിറപ്പുകൾ വിൽക്കാൻ സാധിക്കില്ല. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകൾ നൽകരുതെന്ന് കേന്ദ്രം കർശന നിർദ്ദേശം നൽകി. കൂടാതെ, മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഓരോ ബാച്ചിലും കൃത്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
The post കഫ് സിറപ്പ് വിൽപ്പന! ടാബ്‌ലെറ്റുകൾ പോലെ എളുപ്പത്തിൽ വാങ്ങാനാവില്ല; നിയന്ത്രണവുമായി കേന്ദ്രം appeared first on Express Kerala.



