തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വാർത്തകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്ന അടൂർ പ്രകാശ് എംപിയുടെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു അടൂർ പ്രകാശിന്റെ വാദം.
ശബരിമല കേസിന്റെ അന്വേഷണം പൂർണ്ണമായും ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അടൂർ പ്രകാശിന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഓഫീസ് അറിയിച്ചു.
Also Read: വിജയ് അല്ല എതിരാളി! തമിഴ്നാട്ടിൽ ഡിഎംകെ നേരിടുന്നത് ആരെ? നിലപാട് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ
തനിക്ക് ഇതുവരെ എസ്ഐടിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകാൻ ഭയമില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. താൻ എവിടെയും ഒളിച്ചോടില്ലെന്നും അന്വേഷണ സംഘം വിളിപ്പിച്ചാൽ അത് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായാണ് പി. ശശി ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
The post എല്ലാം പി. ശശിയുടെ പണി! ശബരിമല സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശ്; ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് appeared first on Express Kerala.



