തിരുവനന്തപുരം: 2026-ലെ കന്നി വാർത്താസമ്മേളനത്തിൽ സംസ്ഥാനത്തിന് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ വാദപ്രതിവാദങ്ങൾ അവസാനിച്ചെന്നും ഇനി പുതിയ ഭരണസമിതികൾക്ക് നാടിന്റെ വികസനത്തിനായുള്ള പുതിയ ഉത്തരവാദിത്വങ്ങളുടെ സമയമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജനവും ശുചിത്വവും
അതിദാരിദ്ര്യമുക്തരായവർ വീണ്ടും ആ അവസ്ഥയിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അതീവ സൂക്ഷ്മതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേരളത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കാനുള്ള ചുമതല പുതിയ ഭരണസമിതികൾ ഏറ്റെടുക്കണം. തദ്ദേശ സ്ഥാപനങ്ങളിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വേർതിരിവില്ലാതെ നാടിനായി ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Also Read: അയ്യപ്പന്റെ മുതൽ കട്ടവർ രക്ഷപ്പെടില്ല! ശബരിമല സ്വർണം വിദേശത്തേക്ക് കടത്തിയെന്ന് ചെന്നിത്തല
മുണ്ടക്കൈ പുനരധിവാസം ദ്രുതഗതിയിൽ
കഴിഞ്ഞ പുതുവർഷം മുണ്ടക്കൈ ദുരന്തത്തിന്റെ നടുക്കത്തിലായിരുന്നെങ്കിൽ, ഈ വർഷം അവരെ ചേർത്തുപിടിച്ചതിന്റെ സംതൃപ്തിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇതിനോടകം 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. കനത്ത മഴ കാരണം നിർമ്മാണത്തിൽ ചെറിയ തടസ്സങ്ങൾ നേരിട്ടെങ്കിലും ഫെബ്രുവരി മാസത്തോടെ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
2026 ഭവനരഹിതരില്ലാത്ത കേരളം
2026-ഓടെ കേരളത്തിൽ ഭവനരഹിതരില്ലാത്ത അവസ്ഥയുണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്ത് അഞ്ചിൽ ഒരാൾക്ക് വീടില്ലാത്ത സാഹചര്യമുള്ളപ്പോൾ, കേരളം ആ വെല്ലുവിളിയെ മറികടക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഇനി പോരാട്ടം വികസനത്തിന്! തദ്ദേശ സമിതികൾക്ക് പുതിയ ദൗത്യം; അതിദാരിദ്ര്യമുക്ത കേരളത്തിനായി മുഖ്യമന്ത്രിയുടെ ആഹ്വാനം appeared first on Express Kerala.



