PUDUKAD-NEWS-PUTHUKAD-NEWS

പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം രണ്ടര മാസം പിന്നിട്ടു

പൊറത്തിശ്ശേരിയിൽ കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം രണ്ടര മാസം പിന്നിട്ടു ; ഷാപ്പ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചെന്ന് സമരസമിതി; നടപടി ക്രമങ്ങൾ പൂർണ്ണമായും പാലിച്ചെന്ന് വിശദീകരിച്ച് എക്സൈസ് അധികൃതർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 35 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന സമരം രണ്ടര മാസം പിന്നിട്ടു. വീവൺ നഗർ സ്റ്റോപ്പിന് അടുത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ഈ വർഷം ഏപ്രിൽ 11 മുതലാണ് കള്ള് ഷാപ്പ് പ്രവർത്തനം ആരംഭിച്ചത്. ചേലൂർ പനോക്കിൽ വീട്ടിൽ സുബീഷിൻ്റെ ലൈസൻസിയിൽ നേരത്തെ അടുത്ത് തന്നെയുള്ള കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഷാപ്പാണ് ഏപ്രിൽ മുതൽ ഇവിടെ ആരംഭിച്ചത്. എന്നാൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ഷാപ്പ് കേരള അബ്കാരി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ഷാപ്പിൻ്റെ 400 മീറ്റർ പരിധിയിൽ ക്ഷേത്രങ്ങളും ഉന്നതികളും വരുന്നുണ്ടെന്നും ഷാപ്പ് ജനവാസ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയസമര സമിതി ഉപവാസം ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിനും ആർഡിഒ വിനും എക്സൈസ് വകുപ്പിനും നഗരസഭയ്ക്കും ഇരുനൂറോളം പേർ ഒപ്പിട്ട നിവേദനവും കൈമാറിക്കഴിഞ്ഞു. എന്നാൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങൾ നിത്യപൂജയില്ലാത്ത കുടുംബ ക്ഷേത്രങ്ങളാണെന്നും വാർഡിൽ പട്ടികജാതി വികസന വിഭാഗത്തിൽ നിന്നും ലഭ്യമായ വിവരം പ്രകാരം വാർഡിൽ ഉന്നതികൾ ഇല്ലെന്നും ഷാപ്പിന് പുറക് വശത്തായിട്ടാണ് വീടുകൾ സ്ഥിതി ചെയ്യുന്നതെന്നും മാലിന്യ പ്രശ്നങ്ങൾ ഇല്ലെന്നും ഇരിങ്ങാലക്കുട എക്സൈസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിത്യപൂജ ഉള്ള ക്ഷേത്രങ്ങൾ വേണമെന്ന് ചട്ടം പറയുന്നില്ലെന്നും നിത്യപൂജയുള്ള ക്ഷേത്രങ്ങളെ ദൂരപരിധി പുനപരിശോധനയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്നും സമരസമിതി പ്രവർത്തകർ പറയുന്നു. പരിശോധനയിലെ അപാകങ്ങൾ തിരുത്തണമെന്നും ഷാപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് സമരസമിതി

Spread the love
See also  ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top