PUDUKAD-NEWS-PUTHUKAD-NEWS

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂലായ് 8) കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓറഞ്ച് അലര്‍ട്ട് (അതിശക്തമായ മഴ) പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
*ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലിമീറ്റര്‍ വരെ) തുടരുന്ന സാഹചര്യം മണ്ണിടിച്ചില്‍, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് എന്നിവ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ നിര്‍ബന്ധമായും അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മുന്‍കൂട്ടി മാറ്റി താമസിപ്പിക്കേണ്ടതാണെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
*ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ നടപടി സ്വീകരിക്കണം. പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. റോഡുകളില്‍ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളില്‍ അടിയന്തരമായി അകപട സാധ്യത ലഘൂകരിക്കാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം. രാത്രിയിലും മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള റോഡുകള്‍ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിനായി ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി നടപ്പിലാക്കണം.
*വയല്‍പ്രദേശം, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളായി വിദഗ്ദ്ധ സമിതി കണ്ടെത്തിയ പ്രദേശങ്ങള്‍ തുടങ്ങിയ ദുരന്തസാധ്യത മേഖലകളില്‍ ഉള്ളവരെ ആവശ്യമെങ്കില്‍ ഉടന്‍തന്നെ മുന്‍കരുതലിന്റെ ഭാഗമായി ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറ്റിപാര്‍പ്പിക്കണം. അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ പകല്‍ സമയത്ത് തന്നെ ആളുകളെ മാറ്റി താമസിപ്പിക്കണം. ക്യാമ്പുകളില്‍ നിന്ന് അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് രാത്രി പോകാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല.
*ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെ മുന്‍കൂട്ടി കണ്ട് അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, ബോര്‍ഡുകള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം.
*വൈദ്യുത പോസ്റ്റുകളുടെയും ട്രാന്‍സ്ഫോര്‍മറുകളുടെയും സുരക്ഷാ പരിശോധനകള്‍ കെഎസ്ഇബി അടിയന്തരമായി പൂര്‍ത്തിയാക്കണം. 24*7 മണിക്കൂറും കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം.
*നിലവിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2025 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയ വിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ മാറ്റി താമസിപ്പിക്കേണ്ടതാണ്.
*താലൂക്ക് കണ്‍ട്രോള്‍ റൂമുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതുള്‍പ്പെടെയുള്ള മറ്റുവകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളും 24*7 മണിക്കൂറും പ്രവര്‍ത്തിക്കണം.
*നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേക നിരീക്ഷണം നടത്തണം. ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും കെഎസ്ഇബി, ഇറിഗേഷന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
*വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണം.
*ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ആവശ്യമെങ്കില്‍ മാറ്റിപാര്‍പ്പിക്കുന്നതിനുളള നടപടികള്‍ ജില്ലാ പട്ടികവര്‍ഗ്ഗവികസന ഓഫീസര്‍ സ്വീകരിക്കണം.
*ജില്ലയിലെ ഉദ്യോഗസ്ഥര്‍ കൈവശമുള്ള ഔദ്യോഗിക മൊബൈല്‍ ഫോണുകള്‍ (സിയുജി) പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം.
*2025 ലെ ഓറഞ്ച് ബുക്കിലെ നിര്‍ദ്ദേശപ്രകാരം ഖനന പ്രവര്‍ത്തനങ്ങക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ വിവരം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ജില്ലാദുരന്തനിവാരണ അതോരിറ്റിയില്‍ അറിയിക്കണം.
*ഓറഞ്ച് ബുക്ക് പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ഉറപ്പ് വരുത്തണം.
*ജില്ലയിലെ എല്ലാ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റവും (ഐആര്‍എസ്) (ജില്ലാ-താലൂക്ക് തലം) സജീവമാക്കണം.
ഉത്തരവുകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവികള്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, ജില്ലാ ഫയര്‍ ആഫീസര്‍, ഇന്‍സിഡന്റ് കമാന്റര്‍മാര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ജിയോളജിസ്റ്റ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍,
തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍, ഡിവിഷണല്‍ ഫോറസ്റ്റ് ആഫീസര്‍മാര്‍, ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുളള എല്ലാ ജില്ലാആഫീസ് മേധാവികളെയും ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു. ഉത്തരവിലുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവരും ദുരന്ത നിവാരണ ആക്റ്റ് 2005 പ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരായിരിക്കും.

Spread the love
See also  ഓപ്പറേഷൻ തൂഫാൻ: അന്തരീക്ഷത്തിൽ കഞ്ചാവിന്റെ മണം. പോലീസിനെ കണ്ട് യുവാവ് കഞ്ചാവ് കത്തിക്കാൻ ശ്രമം – കയ്യോടെ പിടികൂടി പോലീസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top