ന്യൂഡൽഹി: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ വിപ്ലവം കുറിക്കാൻ പോകുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ഓഗസ്റ്റ് 15-ന് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ 81-ാം സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ ഇന്ത്യ അതിവേഗ റെയിൽപ്പാതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഘട്ടംഘട്ടമായി സർവീസുകൾ വ്യാപിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
Also Read: വിമാനയാത്രയ്ക്ക് പിന്നാലെ കാലിൽ ഗുരുതര അണുബാധ! ആകാശ എയറിനെതിരെ യുവതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പദ്ധതിയുടെ ഭാഗമായ സൂറത്ത് – ബിലിമോറ പാതയിലായിരിക്കും 2027-ൽ ആദ്യ ട്രെയിൻ സർവീസ് നടത്തുക. രണ്ടാം ഘട്ടം വാപി മുതൽ സൂറത്ത് വരെ, മൂന്നാം ഘട്ടം വാപി മുതൽ അഹമ്മദാബാദ് വരെ, അവസാന ഘട്ടം മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള മുഴുവൻ പാതയും സജ്ജമാകും. അഹമ്മദാബാദിലെ സബർമതിയെയും മുംബൈയിലെ താനെയെയും ബന്ധിപ്പിക്കുന്ന 508 കിലോമീറ്റർ പാതയാണ് നിർമ്മിക്കുന്നത്.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയും 2 മണിക്കൂർ 17 മിനിറ്റ് യാത്രാസമയവുമാണ് ബുള്ളറ്റ് ട്രെയിനിന്റെ മറ്റു പ്രത്യേകതകൾ. ആദ്യം 1 മണിക്കൂർ 58 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, സ്റ്റേഷനുകളുടെ എണ്ണം 4-ൽ നിന്ന് 12 ആയി ഉയർത്തിയതോടെ സമയത്തിൽ നേരിയ മാറ്റം വരികയായിരുന്നു.
Also Read: ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കുതിപ്പ്; ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം
2017-ൽ നിർമ്മാണോദ്ഘാടനം നടന്ന പദ്ധതി 2023 ഡിസംബറിൽ പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങളും മറ്റ് സാങ്കേതിക കാരണങ്ങളും പദ്ധതി നീണ്ടുപോകാൻ ഇടയാക്കി. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂറത്തിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ സന്ദർശിച്ച് പുരോഗതി വിലയിരുത്തിയിരുന്നു. ജപ്പാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇന്ത്യയിൽ ഈ അതിവേഗ റെയിൽ സ്വപ്നം യാഥാർത്ഥ്യമാകുന്നത്.
The post മുംബൈ – അഹമ്മദാബാദ് യാത്ര ഇനി മിനിറ്റുകൾക്കുള്ളിൽ; ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15-ന് പുറപ്പെടും appeared first on Express Kerala.



