ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കൾ 2026 ജൂലൈ 31-നകം ഇ-കെവൈസി (ബയോമെട്രിക്) നടപടികൾ നിർബന്ധമായും പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ കെവൈസി പൂർത്തിയാക്കാത്തവർക്ക് ഗ്യാസ് വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഈ അടിയന്തര അറിയിപ്പ്.
ഇതുവരെ ബയോമെട്രിക് ഇ-കെവൈസി ചെയ്തിട്ടില്ലാത്ത എല്ലാ ഉപഭോക്താക്കളും ഈ നടപടിക്രമം പൂർത്തിയാക്കണം. ഇതിനകം കെവൈസി ചെയ്ത സാധാരണ ഉപഭോക്താക്കൾ വീണ്ടും ചെയ്യേണ്ടതില്ല. എന്നാൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കളും നിലവിൽ സബ്സിഡി ലഭിക്കുന്നവരും എല്ലാ വർഷവും ഇ-കെവൈസി പുതുക്കി പൂർത്തിയാക്കേണ്ടതുണ്ട്.
കണക്ഷൻ ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കിൽ, കണക്ഷൻ നിയമാനുസൃത അവകാശിയുടെ പേരിലേക്ക് മാറ്റിയ ശേഷം വേണം ഇ-കെവൈസി പൂർത്തിയാക്കാൻ. ഉടമ വിദേശത്തോ മറ്റോ ആയതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ, രേഖകൾ സമർപ്പിച്ച് അർഹരായ അവകാശിയുടെ പേരിലേക്ക് കണക്ഷൻ മാറ്റിയ ശേഷം കെവൈസി നടപടികൾ ചെയ്യേണ്ടതാണ്.
അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ (CSC), ബന്ധപ്പെട്ട ഗ്യാസ് ഏജൻസികൾ എന്നിവിടങ്ങളിൽ കെവൈസി ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. അവസാന തീയതി വരെ കാത്തിരിക്കാതെ ഉപഭോക്താക്കൾ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് സയ ഇൻഡെയ്ൻ സർവീസസ് ഇ-കെവൈസി കോ-ഓർഡിനേറ്റർ സലീം കെ.പി അറിയിച്ചു. പരമാവധി ഉപഭോക്താക്കളെ ഫോൺ
വഴി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



