തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ ലീഗ് സ്വതന്ത്രന് സി.പി.ഐ.എം കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. മുൻ എം.എൽ.എ അനിൽ അക്കര ഡി.ജി.പിക്കും വിജിലൻസിനും നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിന് വോട്ട് മറിക്കാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല അന്വേഷണം നടക്കുന്നത്.
കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സി.പി.ഐ.എം മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെക്കുറിച്ച് ജാഫർ വിവരിക്കുന്നത്. സി.പി.ഐ.എം രണ്ട് ഓപ്ഷനുകളാണ് നൽകിയതെന്നും, ഒന്നുകിൽ പ്രസിഡന്റ് പദവി അല്ലെങ്കിൽ 50 ലക്ഷം രൂപ എന്നതാണ് വാഗ്ദാനമെന്നും ജാഫർ പറയുന്നു. പണം സ്വീകരിച്ച് ‘ലൈഫ് സെറ്റിൽ’ ചെയ്യാനാണ് തന്റെ തീരുമാനമെന്നും സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: ക്രിസ്മസിന് മൂന്നാമത്, പുതുവർഷത്തിൽ ഒന്നാമത്; കടവന്ത്ര ഔട്ട്ലെറ്റിൽ മദ്യവിൽപ്പന 1 കോടി കടന്നു
യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പിലൂടെ മാത്രമേ അധികാരം ലഭിക്കാൻ സാധ്യതയുള്ളൂവെന്നും, എന്നാൽ എൽഡിഎഫിനൊപ്പം ചേർന്നാൽ പ്രസിഡന്റ് കസേര ഉറപ്പാണെന്നും ജാഫർ പറയുന്ന ശബ്ദരേഖയിൽ പറയുന്നു. നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതി എന്നാണ് കൂറുമാറ്റത്തെ ജാഫർ ന്യായീകരിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും 7 അംഗങ്ങൾ വീതമുണ്ടായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ, ലീഗ് സ്വതന്ത്രനായി ജയിച്ച ജാഫറിന്റെ ഒരു വോട്ട് നിർണ്ണായകമായിരുന്നു. ജാഫർ എൽഡിഎഫിന് വോട്ട് ചെയ്തതോടെ ഇടത് മുന്നണി ഭരണം പിടിച്ചെടുത്തു. എന്നാൽ അട്ടിമറി വിജയത്തിന് തൊട്ടുപിന്നാലെ ജാഫർ മെമ്പർ സ്ഥാനം രാജിവെച്ചു. തളി ഡിവിഷനിൽ നിന്നാണ് അദ്ദേഹം വിജയിച്ചിരുന്നത്.
The post സി.പി.ഐ.എം രണ്ട് ഓപ്ഷൻ തന്നു, പ്രസിഡന്റ് പദവി അല്ലെങ്കിൽ 50 ലക്ഷം; വടക്കാഞ്ചേരി കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം appeared first on Express Kerala.



