ഓപ്പറേഷൻ ‘തൂഫാനിലെ’ ചെന്നിത്തലയുടെ ‘ഹീറോ’ ഇമേജ് തവിട് പൊടിയാക്കി അർജുൻ ആയങ്കി, ഇരുട്ടിൽ തപ്പി പൊലീസ് !

ഓപ്പറേഷൻ ‘തൂഫാനിലെ’ ചെന്നിത്തലയുടെ ‘ഹീറോ’ ഇമേജ് തവിട് പൊടിയാക്കി അർജുൻ ആയങ്കി, ഇരുട്ടിൽ തപ്പി പൊലീസ് !

പ്പറേഷൻ ‘തൂഫാനിലൂടെ’ ഹീറോ പരിവേശം കിട്ടിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തലയുടെ ഇമേജ് തന്നെ ഇപ്പോൾ ‘തൂഫാനാക്കി’യിരിക്കുകയാണ് അർജുൻ ആയങ്കി. പിടികൊടുക്കാതെ പൊലീസിനെ വെട്ടിച്ചും വെല്ലുവിളിച്ചും മുന്നോട്ട് പോകുന്ന ഈ പ്രതി പൊലീസ് മന്ത്രിക്ക് എതിരെ തന്നെ രംഗത്ത് വന്നിട്ടും പിടികൂടാൻ പറ്റാതിരിക്കുന്നത് സംസ്ഥാന പൊലീസിനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

ധൈര്യമുണ്ടെങ്കിൽ പൊലീസ് തന്നെ പിടിക്കട്ടെയെന്നാണ് അർജുൻ ആയങ്കി വെല്ലുവിളിച്ചിരിക്കുന്നത്. ഇതിനുമറുപടിയായി ‘പൊലീസിനെ വെല്ലുവിളിച്ചവർക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നത് കാണാം’ എന്നായിരുന്നു രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകിയിരുന്നത്. ഈ മുന്നറിയിപ്പിന് ഒരു വിലയും കൊടുക്കാതെ പൊലീസിനെ വട്ടം ചുറ്റിച്ചും, സോഷ്യൽ മീഡിയകളിൽ പരിഹസിച്ച് പോസ്റ്റിട്ടും , എതിർക്കുന്നവർക്ക് നേരെ ഭീഷണി ഉയർത്തിയും ‘കളം’ നിറഞ്ഞാണ് അർജുൻ ആയങ്കി ഇപ്പോൾ കളിച്ച് കൊണ്ടിരിക്കുന്നത്.

വിവിധ സ്‌ക്വാഡുകൾ ഉണ്ടാക്കി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അരിച്ചുപെറുക്കി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ
അർജുൻ ആയങ്കിയിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നത് നിലവിലെ സിസ്റ്റത്തിൻ്റെ കൂടി പരാജയമാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം. എന്നാൽ ഇതിനും സ്ഥിരീകരണമില്ല. ഇതിനിടെ ഒരു ഭയവുമില്ലാതെ മലപ്പുറം ജില്ലയിലെ എടപ്പാളിലെ ഒരു കഫേയിൽ നിന്നും അർജുൻ ആയങ്കിയും സംഘവും ചായ കുടിച്ച് മടങ്ങുന്ന ദൃശ്യം പുറത്ത് വന്നതും പൊലീസിന് പ്രഹരമായിട്ടുണ്ട്.

ആയുര്‍ ഗ്രീന്‍ ആശുപത്രിയില്‍ നീല സ്വിഫ്റ്റ് കാറിലാണ് അര്‍ജുന്‍ ആയങ്കിയും മറ്റ് നാല് പേരും എത്തിയത്. ആശുപത്രിയിലെ കഫേയില്‍ നിന്ന് ചായ കുടിച്ച് കാറില്‍ മടങ്ങുന്ന അര്‍ജുന്റെയും സംഘത്തിന്റെയും ദൃശ്യങ്ങള്‍ വാർത്താ ചാനലുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. പൊന്നാനി രജിസ്‌ട്രേഷന്‍ വണ്ടിയിലാണ് സംഘം എത്തിയത്. അര്‍ജുന്‍ ആയങ്കിക്കൊപ്പം ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യാനായി ഓഗസ്റ് 8-ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പ്രധാന വില്ലൻ ഇപ്പോഴും ഒളിവിൽ തുടർന്ന് പൊലീസിനെ വട്ടംചുറ്റിക്കുകയാണ് ചെയ്യുന്നത്. എടപ്പാള്‍ വട്ടംകുളം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍, നൗഫല്‍, അഷ്‌കര്‍ തുടങ്ങിയ അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒളിവിലിരിക്കെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ട് അർജുൻ ആയങ്കി തുടർച്ചയായി വെല്ലുവിളി തുടരുന്നതാണ് പ്രധാനമായും പൊലീസിനും ആഭ്യന്തര മന്ത്രിയ്ക്കും തലവേദനയാകുന്നത്. ഓപ്പറേഷൻ തൂഫാനിലൂടെ ചെന്നിത്തല ഉണ്ടാക്കി എടുത്ത ഇമേജ് തകർക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ മറപിടിച്ച് നടക്കുന്നുണ്ട്. പ്രതിപക്ഷം മാത്രമല്ല, കോൺഗ്രസ്സിലെ ചെന്നിത്തല വിരുദ്ധരും ഇത്തരം ക്യംപയിനുകൾ ആസ്വദിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

“തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് അർജുൻ ആയങ്കി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്.

വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘നാട്ടിലുള്ള ​ഗുണ്ടകൾ പലതും പറയും, നോക്കാം’ എന്നായിരുന്നു അഭ്യന്തരമന്ത്രി മറുപടി പറഞ്ഞിരുന്നത്. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽപോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസിന്റെ വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചിരുന്നത്.

See also  മുതലപ്പൊഴിയിൽ ഒമ്പതാം നാളും നിരാശ! മുങ്ങൽ വിദഗ്ധർ വൈകിയതിൽ പ്രതിഷേധവും സംഘർഷവും

‘ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ, അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്, ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും’ പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നുണ്ട്.

അര്‍ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നാലെയാണ് പൊലീസ് വീണ്ടും കേസെടുത്തിരുന്നത്.

ഇതിനിടെ ആയങ്കിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് ആലുവ സൈബർ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ച് സ്പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇങ്ങനെ നിരവധി കേസുകൾ ഒന്നിന് പുറകെ ഒന്നായി വരുന്നുണ്ടെങ്കിലും അർജുൻ ആയങ്കിയെ മാത്രം പിടികൂടാൻ കേരള പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

പൊലീസ് സ്റ്റേഷനിലേക്ക് കടന്നു വരുന്നവരോട് ഗുഡ്മോണിങ്ങ് പറഞ്ഞ് സ്വീകരിച്ചിരുത്തി തുടങ്ങിയാൽ, പിന്നെ ആര് പൊലീസിനെ ഭയക്കും എന്ന ചോദ്യമാണ് ആഭ്യന്തര മന്ത്രിയെ പരിഹസിച്ച് വിവിധ സോഷ്യൽ മീഡിയ ഹാൻഡലുകൾ ചോദിക്കുന്നത്. പൊലിസിനെ ഭയക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ കുറ്റകൃത്യങ്ങൾ തടയാൻ കഴിയൂ എന്നതാണ് ഈ വിഭാഗത്തിൻ്റെ വാദം. ചെന്നിത്തല പ്രഖ്യാപിച്ച പൊലീസ് പരിഷ്‌ക്കാരത്തിന് എതിരെയും രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇക്കാര്യത്തിൽ പൊലീസ് സേനക്ക് അകത്തും കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അർജുൻ ആയങ്കിയെ പിടികൂടാൻ വൈകുംതോറും ആഭ്യന്തര മന്ത്രിയിൽ മാത്രമല്ല, പൊലീസിലും ജനങ്ങൾക്കുള്ള വിശ്വാസം കൂടിയാണ് നഷ്‌ടമാകാൻ പോകുന്നത്. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും മറ്റ് സംസ്ഥാനങ്ങൾക്ക് പോലും മാതൃകയായ കേരള പൊലീസിൻ്റെ ഇപ്പോഴത്തെ അവസ്ഥ അതി ദയനീയം തന്നെയാണ്.

സ്റ്റാഫ് റിപ്പോർട്ടർ

The post ഓപ്പറേഷൻ ‘തൂഫാനിലെ’ ചെന്നിത്തലയുടെ ‘ഹീറോ’ ഇമേജ് തവിട് പൊടിയാക്കി അർജുൻ ആയങ്കി, ഇരുട്ടിൽ തപ്പി പൊലീസ് ! appeared first on Express Kerala.

Spread the love
Scroll to Top