
മരുഭൂമിയിലെ മണൽത്തരികളെപ്പോലും വിറപ്പിക്കുന്ന സ്ഫോടനശബ്ദങ്ങൾ… അമേരിക്കയുടെ അഹങ്കാരത്തെ തരിപ്പണമാക്കുന്ന ഇറാന്റെ മാരക ആക്രമണങ്ങൾ. യുദ്ധത്തിന്റെ നിഴലിൽ മിഡിൽ ഈസ്റ്റ് നീറുമ്പോൾ, ലോകം ഇന്നുവരെ കാണാത്ത ഒരു വൻ പ്രതിസന്ധിയിലേക്കാണ് അമേരിക്കൻ സൈന്യം വഴുതിവീഴുന്നത്. ശൂന്യമാകുന്ന ആയുധപ്പുരകളും, തലച്ചോറിന് മാരകമായി പരിക്കേറ്റ് തകരുന്ന നൂറുകണക്കിന് സൈനികരും അമേരിക്കയെ പിടിച്ചുകുലുക്കുമ്പോൾ, ഭരണകൂടത്തിനുള്ളിൽ പൊട്ടിത്തെറികൾ രൂക്ഷമാകുന്നു. ‘വ്യോമശക്തിക്ക് അതിരുകളുണ്ട്’ എന്ന് അമേരിക്കൻ ജനറലന്മാർ തന്നെ മുന്നറിയിപ്പ് നൽകുമ്പോൾ, ട്രംപ് ഭരണകൂടം ഈ യുദ്ധക്കളിയിൽ നിന്ന് രക്ഷപ്പെടാൻ വഴിതിരയുകയാണോ? എന്താണ് അണിയറയിൽ സംഭവിക്കുന്നത്?
പ്രസ്സ് ടിവി, ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ദേശിയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ ചൂടികാണിക്കുന്നതനുസരിച്ച്, കണക്കുകൾ പ്രകാരം ഏകദേശം 700-ഓളം അമേരിക്കൻ സൈനികർക്ക് ഇതിനോടകം പരിക്കേറ്റു കഴിഞ്ഞു. ഇതിൽ ഭൂരിഭാഗം സൈനികരെയും ബാധിച്ചിരിക്കുന്നത് ‘ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി’ അഥവാ തലച്ചോറിനേൽക്കുന്ന ഗുരുതരമായ ആഘാതങ്ങളാണ്. പുറമെ വലിയ മുറിവുകളോ രക്തസ്രാവമോ കാണാനില്ലെങ്കിലും, ശക്തമായ സ്ഫോടന തരംഗങ്ങൾ ഉണ്ടാക്കുന്ന ആഘാതം സൈനികരുടെ കേന്ദ്ര നാഡീവ്യൂഹത്തെയാണ് തകർത്തുകളയുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നേരിട്ട അതേ മാനസിക-ശാരീരിക ദുരന്തങ്ങൾ പുതിയൊരു രൂപത്തിൽ വീണ്ടും ഉയർന്നുവരുന്നത് അമേരിക്കയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സ്ഫോടനങ്ങളുടെ പ്രകമ്പനത്തിൽ തലച്ചോറിലെ കോശങ്ങൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഉടൻ തന്നെ തിരിച്ചറിയാൻ നിലവിലെ വൈദ്യശാസ്ത്രത്തിന് പരിമിതികളുണ്ട്. പെന്റഗൺ ഇവയിൽ പലതിനെയും “ചെറിയ മസ്തിഷ്കാഘാതങ്ങൾ” എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം ഭയാനകമാണ്. വിട്ടുമാറാത്ത തലവേദന, ഓർമ്മക്കുറവ്, കാഴ്ച മങ്ങൽ, ഉറക്കമില്ലായ്മ, പെട്ടെന്നുണ്ടാകുന്ന മാനസികാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ ഈ പരിക്കുകളുടെ തുടർച്ചയായി സംഭവിക്കുന്നു.
പൂർവ്വകാല യുദ്ധങ്ങളിൽ പങ്കെടുത്ത് ടി.ബി.ഐ ബാധിതരായ വിമുക്തഭടന്മാരുടെ അനുഭവം വ്യക്തമാക്കുന്നത് ഈ മുറിവുകൾ ജീവിതാവസാനം വരെ പിന്തുടരുമെന്നാണ്. എന്നിരുന്നാലും, പരിക്കേറ്റ സൈനികർക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിക്കുന്നില്ലെന്ന വിമർശനം അമേരിക്കൻ ജനപ്രതിനിധികൾക്കിടയിൽ ശക്തമാണ്. ഡെമോക്രാറ്റിക് സെനറ്റർ ടാമി ബാൾഡ്‌വിൻ ഉൾപ്പെടെയുള്ളവർ കുവൈത്തിലെയും മറ്റ് അമേരിക്കൻ താവളങ്ങളിലെയും പരിശോധനാ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. യുദ്ധം നേരിട്ട് ഏൽപ്പിക്കുന്ന മുറിവുകളേക്കാൾ ആഴമുള്ളതാണ് ഈ അദൃശ്യ മുറിവുകളെന്നാണ് മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഭൗതികമായ പരിക്കുകൾക്കപ്പുറം, സാങ്കേതികമായും സാമ്പത്തികമായും അമേരിക്ക വൻ തിരിച്ചടിയാണ് നേരിടുന്നത്. അഞ്ച് മാസത്തിലധികമായി തുടരുന്ന ഈ പോരാട്ടത്തിൽ, ആഗോളതലത്തിൽ അമേരിക്കൻ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരുന്ന വളരെ കൃത്യതയുള്ള ദീർഘദൂര മിസൈലുകളുടെ വലിയൊരു ഭാഗം ഉപയോഗിച്ചു തീർന്നു. ഇത് അമേരിക്കയ്ക്കുള്ളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
ക്യാമ്പ് ഡേവിഡിൽ വെച്ച് നടന്ന അടച്ചിട്ട മുറിയിലെ ചർച്ചയിൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ നേരിട്ട് വിചാരണ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. സൈന്യത്തിന്റെ യഥാർത്ഥ ആയുധ ശേഷിയെക്കുറിച്ചും ശേഷിക്കുന്ന പ്രതിരോധ പ്രതിസന്ധികളെക്കുറിച്ചും തെറ്റായ വിവരങ്ങൾ നൽകിയെന്നതാണ് ട്രംപിന്റെ പ്രധാന ആരോപണം. ആയുധങ്ങളുടെ ക്ഷാമവും തുടർച്ചയായ സൈനിക നഷ്ടങ്ങളും അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ വലിയ ആഭ്യന്തര വിള്ളലുകൾ സൃഷ്ടിച്ചിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം വ്യോമാക്രമണങ്ങൾ കൊണ്ടുമാത്രം ഒരു രാജ്യത്തെ പൂർണ്ണമായി കീഴടക്കാൻ കഴിയില്ലെന്ന് അമേരിക്കൻ സൈനിക നേതൃത്വം ഇപ്പോൾ തിരിച്ചറിയുന്നു. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളിൽ ഈ മുന്നറിയിപ്പ് ആവർത്തിച്ചു.
കരസേനയെ ഇറാനിലേക്ക് അയക്കുന്നത് ഒരു ദുരന്തമായിരിക്കുമെന്ന് വിശ്വസിക്കുന്ന കെയ്ൻ, യുദ്ധത്തിൽ നിന്ന് മാന്യമായി പിന്മാറാനുള്ള വഴി അഥവാ ‘എക്സിറ്റ് സ്ട്രാറ്റജി’ അന്വേഷിക്കുകയാണ്. അമേരിക്കൻ ജനറലന്മാരുടെ അഭിപ്രായത്തിൽ, കേവലം ബോംബാക്രമണം കൊണ്ട് ഇറാനെ തങ്ങളുടെ നിബന്ധനകൾ അംഗീകരിപ്പിക്കാൻ കഴിയില്ല. സൈന്യത്തെ കൂടുതൽ നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കണമെങ്കിൽ രാഷ്ട്രീയമായ ഒത്തുതീർപ്പുകൾ അനിവാര്യമാണെന്ന നിഗമനത്തിലാണ് പെന്റഗണിലെ ഉന്നത ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നത്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ വ്യക്തമാക്കുന്നു. തന്റെ ഭരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ, തങ്ങളുടെ പ്രതിരോധ ശേഷിയും സൈനിക ശക്തിയും വിട്ടുകൊടുത്തുകൊണ്ട് ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇറാന്റെ ഐ.ആർ.ജി.സി, എയ്‌റോസ്‌പേസ് ഫോഴ്‌സ് എന്നിവ നടത്തിയ തിരിച്ചടികൾ ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് പെഷേഷ്കിയാൻ അവകാശപ്പെട്ടു. മറ്റ് രാജ്യങ്ങളെ ആക്രമിക്കാനോ അതിർത്തികൾ വികസിപ്പിക്കാനോ തങ്ങൾക്ക് ആഗ്രഹമില്ലെന്നും, എന്നാൽ തങ്ങളെ ആക്രമിക്കാൻ അനുമതി നൽകുന്ന അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ തങ്ങൾ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേൽ ലക്ഷ്യമിടുന്നത് പേർഷ്യൻ ഗൾഫ് രാജ്യങ്ങളെ ഇറാനെതിരെ ഒന്നിപ്പിക്കാനാണെന്നും, ഈ നീക്കത്തെ നയതന്ത്രപരമായി ചെറുക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നു.
യുദ്ധം നീണ്ടുപോകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിപണിയെയും ആകെ ഉലച്ചിരിക്കുകയാണ്. ലോകത്തിന്റെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. കടലിടുക്കിലെ പിരിമുറുക്കം കുറയ്ക്കാനും എണ്ണവില നിയന്ത്രണവിധേയമാക്കാനും നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ പരിഹാരം വിദൂരത്താണ്.
അതേസമയം, മേഖലയിൽ പുതിയ സൈനിക അച്ചുതണ്ടുകൾ രൂപപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഒരു പുതിയ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഈ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും. സൗദിയുടെ സാമ്പത്തിക ശേഷിയും, പാകിസ്ഥാന്റെ സൈനിക-ആണവ ശക്തിയും, തുർക്കിയുടെ പ്രതിരോധ സാങ്കേതികവിദ്യയും ഒന്നിക്കുന്ന ഈ സഖ്യം മിഡിൽ ഈസ്റ്റിലെ ഭാവി സുരക്ഷാ സമവാക്യങ്ങളെ പൂർണ്ണമായും തിരുത്തിയെഴുതാൻ ശേഷിയുള്ളതാണ്.
തുടർച്ചയായ സൈനിക നഷ്ടങ്ങൾ, ശൂന്യമാകുന്ന ആയുധപ്പുരകൾ, സഖ്യകക്ഷികളുടെ പുതിയ കൂട്ടുകെട്ടുകൾ, ആഗോള സാമ്പത്തിക പ്രതിസന്ധി – ഇറാനെതിരായ യുദ്ധം അമേരിക്ക പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ട് പോകുന്നത്. കരസേനയെ ഇറാനിലേക്ക് വിന്യസിക്കാതെ, സംഘർഷം ആഗോള ദുരന്തമായി മാറാൻ അനുവദിക്കാതെ എങ്ങനെ ഈ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാം എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ അമേരിക്കൻ ഭരണകൂടം പതറുകയാണ്. യുദ്ധം അവസാനിച്ചാലും, അമേരിക്കൻ സൈനികരുടെ മനസ്സിലും ശരീരത്തിലും ഏറ്റ മുറിവുകളും മാറുന്ന മിഡിൽ ഈസ്റ്റേൺ ഭൗമരാഷ്ട്രീയ സമവാക്യങ്ങളും വരും ദശകങ്ങളിൽ ലോകത്തെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല.
വീഡിയോ കാണാം….
The post ഇറാൻ്റെ രൗദ്രതാണ്ഡവം! അമേരിക്കൻ പടയുടെ കഥ കഴിഞ്ഞു! ഇനി പൊരുതാൻ ശക്തിയില്ല, യുദ്ധക്കളം ഉപേക്ഷിച്ചോ അമേരിക്കൻ സൈന്യം? appeared first on Express Kerala.




