
കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രാജ്യത്ത് കനത്ത പ്രക്ഷോഭമാണ് അരങ്ങേറിയത്. കെനിയൻ ഏവിയേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധം മറ്റ് വിമാനത്താവളങ്ങളിലേക്കും പടരുകയും നിരവധി വിമാന സർവീസുകൾ റദ്ദാക്കേണ്ടി വരികയും ചെയ്തു. വിമാനത്താവള ഭരണം അദാനി ഏറ്റെടുത്താൽ സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും വിദേശ തൊഴിലാളികളുടെ കടന്നുകയറ്റം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തൊഴിലാളികളുടെ സമരം. പുതിയ ടെർമിനൽ നിർമ്മാണവും 30 വർഷത്തെ നടത്തിപ്പും അദാനി എയർപോർട്ട്സിന് നൽകാനായിരുന്നു കെനിയൻ സർക്കാരിന്റെ നീക്കമെങ്കിലും പ്രക്ഷോഭവും കോടതിയുടെ പ്രതികൂല വിധിയും കാരണം അദാനി ഗ്രൂപ്പിനെ ഒഴിവാക്കാൻ സർക്കാർ നിർബന്ധിതരായി.
അദാനി ഗ്രൂപ്പിനെ ഒഴിവാക്കിയതിന് പിന്നാലെ വിമാനത്താവള വികസനത്തിനായുള്ള കരാർ ചൈനയുടെ ‘ചൈന കമ്മ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനി’ക്ക് (സിസിസിസി) നൽകിയിരിക്കുകയാണ് കെനിയൻ സർക്കാർ. അദാനി ഗ്രൂപ്പ് 200 കോടി ഡോളറിന്റെ നിർദ്ദേശമായിരുന്നു മുന്നോട്ടുവെച്ചിരുന്നതെങ്കിൽ, ഇതിനേക്കാൾ 50% അധിക തുകയായ 290 കോടി ഡോളറിനാണ് ചൈനീസ് കമ്പനിയുമായി കരാറിലെത്തിയിരിക്കുന്നത്. ആദ്യം സ്വന്തം നിലയ്ക്ക് പണം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കെനിയൻ സർക്കാർ, ഇപ്പോൾ പദ്ധതിയുടെ 70 ശതമാനത്തോളം തുക കടമെടുത്താണ് കണ്ടെത്തുന്നത്. ബാക്കി വരുന്ന 30% തുക വിമാനത്താവളത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്നും നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നുമായിരിക്കും വിനിയോഗിക്കുക.
Also Read; യുപിഐ ഉപയോഗത്തിന് ഇനി ചാർജ് ഈടാക്കുമോ? പാർലമെന്റ് നീക്കത്തിന് പിന്നാലെ കേന്ദ്രത്തിന്റെ നിർണായക പ്രഖ്യാപനം!
കെനിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ജോമോ കെനിയാത്ത നിലവിൽ പ്രതിവർഷം 75 ലക്ഷത്തോളം യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്. പുതിയ രാജ്യാന്തര ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ ശേഷി പ്രതിവർഷം 2.2 കോടിയായി ഉയർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയൽരാജ്യങ്ങളായ എത്യോപ്യയിലെ അഡിസ് അബാബ, റുവാണ്ട എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് കടുത്ത മത്സരമാണ് കെനിയ നേരിടുന്നത്. പ്രത്യേകിച്ച് മേഖലയിലെ പ്രധാന ഏവിയേഷൻ ഹബ്ബായി വളർന്ന അഡിസ് അബാബ വിമാനത്താവളത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും ഈ വലിയ വികസന പദ്ധതിക്ക് പിന്നിലുണ്ട്.
അതേസമയം, ചൈനീസ് കമ്പനിയായ സിസിസിസിക്ക് കെനിയയിൽ വലിയ പദ്ധതികൾ ഏറ്റെടുക്കുന്നതിൽ മുൻപരിചയമുണ്ട്. തലസ്ഥാനത്തെ നെയ്റോബി എക്‌സ്പ്രസ് വേ, തന്ത്രപ്രധാനമായ മൊംബാസ-നെയ്റോബി റെയിൽപ്പാത എന്നിവ നിർമ്മിച്ചത് സിസിസിസിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായിരുന്നു. അദാനിയെ മാറ്റിനിർത്തി കൂടുതൽ തുകയ്ക്ക് ചൈനീസ് കമ്പനിക്ക് പദ്ധതി കൈമാറിയതും ഇതിനായി വൻതുക കടമെടുക്കുന്നതും ആഫ്രിക്കൻ മേഖലയിൽ ചൈനയുടെ സാമ്പത്തികവും നിർമ്മാണപരവുമായ സ്വാധീനം കൂടുതൽ ഉറപ്പിക്കുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
The post അദാനിക്ക് വൻ തിരിച്ചടി! പ്രക്ഷോഭത്തിന് പിന്നാലെ കരാർ റദ്ദാക്കി; വിമാനത്താവള നിർമ്മാണം ചൈനയ്ക്ക് നൽകി കെനിയ appeared first on Express Kerala.




