സർക്കാരിൻ്റെ മാനം രക്ഷിച്ചത് വിജയനും കാർത്തിക്കും, പൊലീസ് ഇനിയും കടുപ്പിച്ചില്ലങ്കിൽ…

സർക്കാരിൻ്റെ മാനം രക്ഷിച്ചത് വിജയനും കാർത്തിക്കും, പൊലീസ് ഇനിയും കടുപ്പിച്ചില്ലങ്കിൽ…

ഭ്യന്തര മന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച അർജുൻ ആയങ്കിയെ കുറച്ച് വൈകിയാണെങ്കിലും പിടികൂടാൻ കഴിഞ്ഞത് സർക്കാറിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഇക്കാര്യത്തിൽ എന്തൊക്കെ പറഞ്ഞാലും നിർണ്ണായക ഇടപെടൽ നടത്തിയത് എഡിജിപിയായ പി വിജയനും കണ്ണൂർ ഡിഐജി കാർത്തിക്കുമാണ്. ഇവരുടെ നേതൃത്വത്തിൽ നടത്തിയ തന്ത്രപരമായ നീക്കമാണ് ആയങ്കിയുടെ കണക്ക് കൂട്ടൽ പാടെ തെറ്റിച്ചിരിക്കുന്നത്. ഇനിയും ആയങ്കിയെ പിടികൂടിയില്ലങ്കിൽ, പൊലീസീനും ആഭ്യന്തര മന്ത്രിക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നു. അതാണ് ഈ രണ്ട് ഐപിഎസ് ഉദ്ദ്യോഗസ്ഥരുടെ ബുദ്ധിപരമായ നീക്കത്തിൽ ഇപ്പോൾ ഒഴിവായിരിക്കുന്നത്. കേരള പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച ആയങ്കിക്ക് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വീര പരിവേഷമാണ് നൽകിയിരുന്നത്. ഇതും അപകടകരമായ ഒരു നീക്കത്തിൻ്റെ സൂചന ആയാണ് പൊലീസ് നോക്കി കണ്ടിരുന്നത്.

തളിപ്പറമ്പിലെ ഒളിവിടം പൊലീസ് കണ്ടെത്തിയതായി മനസ്സിലാക്കിയ അർജുൻ ആയങ്കി, കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് പുലർച്ചെ രണ്ടു മണിയോടെ ഡിഐജി കാർത്തിക്കൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നത്. ഇതിൽ നിന്നു തന്നെ പൊലീസ് കണ്ണിൽ എണ്ണ ഒഴിച്ചാണ് ഈ പ്രതിക്ക് വേണ്ടി വലവിരിച്ചിരുന്നത് എന്നത് വ്യക്തമാണ്. പൊലീസിൻ്റെ ഈ നടപടി പൊലീസിനെ വെല്ലുവിളിച്ച് ക്രിമിനൽ പ്രവർത്തി നടത്തുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. മംഗളം ടിവിയാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്.

എ.ഡി.ജി.പി. പി. വിജയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നും, 38 ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 17 പോലീസ് ജില്ലകളില്‍ പ്രത്യേക അലേര്‍ട്ട് നല്‍കിയുമായിരുന്നു അന്വേഷണത്തിന്റെ ഏകോപനം സൃഷ്ടിച്ചിരുന്നത്. തൃശ്ശൂരില്‍ ആയങ്കിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രതി സ്വന്തം തട്ടകമായ കണ്ണൂരിലേക്ക് തന്നെ തിരിച്ചെത്തുമെന്ന കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാര്‍ത്തിക്കിന്റെ മനക്കണക്കും വിശ്രമമില്ലാത്ത ജാഗ്രതയുമാണ് കേസില്‍ നിര്‍ണ്ണായകമായത്. കണ്ണൂര്‍ റൂറല്‍ എസ്.പി, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി രണ്ടു ദിവസത്തോളമാണ് ഡി.ഐ.ജി. ഉറങ്ങാതെ പ്രതിക്കായി കുരുക്കൊരിക്കിയിരുന്നത്.

സൈബർ കേസുകളിൽ അർജുൻ ആയങ്കിക്ക് മേൽക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കാൻ തന്നെയാണ് സാധ്യത. എന്നാൽ, മറ്റ് ഗൗരവമുള്ള കേസുകൾ ചുമത്തപ്പെട്ടാൽ പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടാകും. ഇക്കാര്യത്തിൽ പൊലീസ് എന്ത് നടപടിയാണ് സ്വീകരിക്കുക എന്നത് നിർണ്ണായകമാണ്.

ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ ഗുണ്ടകളെയും അവരെ സഹായിക്കുന്നവരെയും പിടികൂടാനും ഇപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ്റെ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. റീൽസ് ഇട്ട് ഗുണ്ടകൾ ഹീറോകളാകുന്ന ഈ കാലത്ത് ഇത്തരം നടപടികൾ അനിവാര്യം തന്നെയാണ്. പൊലീസ് പിടിമുറുക്കുമ്പോൾ രാഷ്ട്രീയ സമ്മർദ്ദം പൊലീസ് നടപടികൾക്ക് മേൽ ഉണ്ടാകാതിരിക്കാനാണ് ആഭ്യന്തരമന്ത്രി ഇനി ശ്രദ്ധിക്കേണ്ടത്. പൊലീസിന് ആവശ്യമായ സ്വാതന്ത്ര്യവും പരിരക്ഷയും നൽകിയാൽ നല്ല വെടിപ്പായി തന്നെ അവർ ക്രമിനലുകളെ അമർച്ച ചെയ്യും. അതിന് ചങ്കുറപ്പുള്ള പൊലീസ് തന്നെയാണ് കേരള പൊലീസ്. അങ്ങനെ കൃത്യമായ റിസൾട്ട് വേണമെങ്കിൽ നിലവിലെ സിസ്റ്റം ഉടച്ച് വാർക്കേണ്ടതുണ്ട്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും കിട്ടുന്ന കയ്യടിക്കുവേണ്ടി പൊലിസിനെ ‘ലളിത’ വൽക്കരിക്കാനുള്ള നീക്കവും ആഭ്യന്തര മന്ത്രി ഉപേക്ഷിക്കണം. പൊലീസ് സ്റ്റേഷനുകളിൽ ഗുഡ് മോണിങ്ങ് പറഞ്ഞ് വരുന്നവരെ സ്വീകരിച്ച് ഇരുത്താനുള്ള തീരുമാനം തന്നെ പുനപരിശോധിക്കേണ്ടതാണ്. പൊലീസ് സ്റ്റേഷൻ ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രമോ, സ്റ്റാർ ഹോട്ടലോ ഒന്നുമല്ലല്ലോ ?

നിവൃത്തികേട് കൊണ്ടാണ് ഒരാൾ പൊലിസ് സ്റ്റേഷനിൽ എത്തുന്നത്. ഇങ്ങനെ പരാതിയുമായി എത്തുന്നവരോട് ഗുഡ് മോണിങ് പറഞ്ഞ് സ്വീകരിച്ച് ഇരുത്തുന്നതിനേക്കാൻ അവർ ആഗ്രഹിക്കുന്നത് നൽകുന്ന പരാതിയിൻ മേലുള്ള പൊലീസിൻ്റെ ഫലപ്രദമായ ഇടപെടലും നടപടിയുമാണ്. പരാതിയുമായി വരുന്നവരോട് തീർച്ചയായും പൊലീസ് മാന്യമായി പെരുമാറണം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ക്രിമിനലുകളോടും അതുപോലെ, ക്രിമിനൽ പ്രവർത്തി നടത്തുന്നവരോടും ഇതേ രീതി സ്വീകരിക്കാൻ പാടില്ല. ഗുഡ്മോണിങ് പരിഷ്ക്കാരം പൊലീസിൽ നിലവിലുള്ള ഭയം പോലും ഇല്ലാതാക്കാനാണ് പോകുന്നത്.

കുറ്റകൃത്യം നടത്തുന്നവരോട് ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ തന്നെ പൊലീസ് പെരുമാറിയാൽ മാത്രമേ കുറ്റകൃത്യം കുറയുകയൊള്ളൂ. അതിനാണ് ആഭ്യന്തര മന്ത്രിയും പൊലീസ് ഉന്നതരും നിർദ്ദേശം നൽകേണ്ടത്. അതല്ലാതെ, ഓപ്പറേഷൻ ‘തൂഫാൻ’ നടത്തിയതു കൊണ്ടോ ,ഓപ്പറേഷൻ ‘ആയങ്കി’ നടത്തിയതു കൊണ്ടോ, കുറ്റകൃത്യം കുറയുമെന്ന് കരുതരുത്. പൊലീസിനെ പേടി ഉണ്ടായാൽ മാത്രമേ, കുറ്റവാളികളും കുറ്റകൃത്യം നടത്തണമെന്ന മാനസികാവസ്ഥ ഉള്ളവരുമെല്ലാം പിന്നോട്ട് പോകുകയൊള്ളൂ. ദൗർഭാഗ്യവശാൽ കഴിഞ്ഞ കുറേ വർഷങ്ങളായി അത്തരം ഒരു ഭയം സമൂഹത്തിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ആയങ്കിയെ ഒരിക്കലും കേരളം കണ്ട ഏറ്റവും വലിയ ഒരു കൊടുംക്രിമിനലായി വിലയിരുത്താനൊന്നും കഴിയുകയില്ല. അത്തരക്കാർ ഇപ്പോഴും പൊലീസിൻ്റെ കണ്ണിൻ്റെ മുന്നിൽ തന്നെയുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. ആയങ്കിയുടെ പേരിലുള്ള കേസുകൾ ചികയുന്ന പൊലീസ് ഇത്തരം കൊടും ക്രിമിനലുകളെ കണ്ടില്ലന്ന് നടിക്കാൻ പാടില്ല. ഇവർക്ക് പിന്തുണ നൽകുന്ന ഉന്നതരെയും എത്രയും പെട്ടന്ന് നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരേണ്ടതുണ്ട്.

See also  സൂര്യഗ്രഹണത്തിലെ വിചിത്ര പ്രതിഭാസം! നിലത്തിഴയുന്ന നിഗൂഢമായ ‘ഷാഡോ ബാൻഡുകൾ’ക്ക് പിന്നിലെന്ത്?

ഇതൊക്കെ പറയുമ്പോൾ തന്നെ, പൊലീസിനകത്തും ക്രിമിനലുകളും, ക്രിമിനൽ സ്വഭാവമുള്ളവരും ഉണ്ട് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല. ഇക്കൂട്ടർ ഏത് ഭരണം വന്നാലും, സ്വാധീനം ഉപയോഗിച്ച് പ്രധാന തസ്തികളിൽ വരാറുമുണ്ട്. പൊലീസിലെ അഴിമതിക്കാരെ മാത്രമല്ല,ഇത്തരം പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെയും മാറ്റി നിർത്താൻ ആവശ്യമായ നടപടിയാണ് ആദ്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കേണ്ടത്. അർഹത ഉള്ളവർക്കാണ് പൊലീസിൽ പരിഗണന നൽകേണ്ടത്. അതല്ലാതെ ആരെങ്കിലുമൊക്കെ ശ്യപാർശ ചെയ്താൽ, മോശം പശ്ചാത്തലമുള്ളവർക്ക് വഴിവിട്ട് ഉദ്ദ്യോഗകയറ്റം നൽകുന്നതും പ്രധാന തസ്തികകളിൽ നിയമനം നൽകുന്നതും ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇമേജ് തന്നെയാണ് മോശമാക്കുക.

ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകാൻ ആവശ്യപ്പെട്ടിരിക്കെ, പ്രതിസ്ഥാനത്തുള്ള അതേ എഡിജിപിയെ ഡിജിപിയാക്കിമാറ്റാൻ സർക്കാരും, ആഭ്യന്തര വകുപ്പും കാണിച്ച തിടുക്കം ഈ സർക്കാരിൻ്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. അതു കൊണ്ടാണ് കോടതിയുടെ രൂക്ഷ വിമർശനവും കേൾക്കേണ്ടി വന്നിരിക്കുന്നത്. ഉദ്യോഗ കയറ്റത്തിനായുള്ള സ്‌ക്രീനിങ് കമ്മറ്റിയുടെ കാലാവധി 3 മാസം മാത്രമാണ് എന്നിരിക്കെ, കഴിഞ്ഞ വർഷം അവസാനം നടന്ന സ്‌ക്രീനിങ് കമ്മറ്റി തീരുമാനമാണ് ഇപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വഴിവിട്ട പരിഗണനയ്ക്ക് ഇതും ഒരു പ്രധാന തെളിവാണ്. ചൊവ്വാഴ്ച അതായത് ഓഗസ്റ്റ് 11 ന് ഈ കേസ് ഹൈക്കോടതി പരിഗണിക്കുമ്പോൾ ബാക്കി ചിത്രവും എന്തായാലും വ്യക്തമാകും.

എന്തൊക്കെ പറഞ്ഞാലും നായർ വിഭാഗത്തിൽപ്പെട്ട ആഭ്യന്തരമന്ത്രി അതേ വിഭാഗത്തിൽപ്പെട്ട എഡിജിപിയുടെ കാര്യത്തിൽ പ്രമുഖ സമുദായ നേതാവിൻ്റെ ഉൾപ്പെടെ സമ്മർദ്ദത്തിന് വഴങ്ങി എന്നു തന്നെ സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം നിലപാടുകൾ തൻ്റെ ഉള്ള പ്രതിച്ഛായയും തകർക്കും എന്നത് ആഭ്യന്തരമന്ത്രി വൈകിയെങ്കിലും തിരിച്ചറിയുന്നത് നല്ലതായിരിക്കും.

സാധാരണ പൊലിസുകാർക്ക് ഒരു നിയമം, വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് മറ്റൊരു നയം എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ചെറിയ പി ആറിൽ കുടുങ്ങി ഉദ്ദ്യോഗകയറ്റം നിഷേധിക്കപ്പെട്ട നിരവധി ഉദ്ദ്യോഗസ്ഥരാണ് ഇപ്പോഴും കേരള പൊലീസിൽ ഉള്ളത് എന്നതും ആഭ്യന്തര മന്ത്രി മറക്കാൻ പാടില്ല. ഇക്കാര്യത്തിൽ ഉൾപ്പെടെ പുനർവിചിന്തനം നടത്തിയാൽ മാത്രമേ, പൊലീസ് സിസ്റ്റവും പൂർണ്ണമായും കാര്യക്ഷമമായി പ്രവർത്തിക്കുകയൊള്ളൂ.

അതു പോലെ തന്നെ, പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ഏതെങ്കിലും ഒറ്റപ്പെട്ട ഒരു ലോക്കപ്പ് മർദ്ദനത്തിൻ്റെ പേരിൽ , പൊലീസ് സേന തന്നെ, മൊത്തത്തിൽ കുഴപ്പമാണന്ന പ്രചരണം നടത്തിയും, പൊലീസുകാർക്ക് എതിരെ നടപടി എടുപ്പിച്ചും, സേനയുടെ മനോവീര്യം കെടുത്തുന്ന നടപടിയും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കൊടും കുറ്റവാളികളെ പൊലീസ് മർദ്ദിച്ചാൽ പോലും, പൊലീസിൻ്റെ തൊപ്പി തെറുപ്പിക്കണമെന്ന വാശിയിലാണ് നമ്മുടെ മാധ്യമങ്ങൾ പ്രവർത്തിക്കാറുള്ളത്. ഈ വാർത്തകൾ കണ്ട് സമ്മർദ്ദത്തിലാകുന്ന സർക്കാർ ഏകപക്ഷീയമായി നടപടി സ്വീകരിക്കുകയും ചെയ്യും. ഇതാണിപ്പോൾ നാട്ടിൽ നടക്കുന്നത്. ഇതെല്ലാം തന്നെ, പൊലീസിൻ്റെ പ്രവർത്തനത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കൊലക്കേസിലെ പ്രതികളും ബലാത്സംഗ കേസിലെ പ്രതികളുമൊക്കെ ഇപ്പോൾ നെഞ്ച് വിരിച്ച് പൊലീസിന് മുന്നിലേക്ക് കടന്നു ചെല്ലുന്നത്. സ്വന്തം ഭാവി നോക്കുന്ന പൊലീസുകാർ, റിസ്‌ക് ഒന്നും എടുക്കാതെ ഉൾവലിയുന്നതും, സസ്പെൻഷനും കേസുമൊക്കെ പേടിച്ചിട്ട് തന്നെയാണ്. നിലവിലെ ഈ സാഹചര്യം മാറാതെ, ശക്തമായ ഒരു പൊലീസിങ് കേരളത്തിൽ എന്തായാലും സാധ്യമാവുകയില്ല.

മാത്രമല്ല, കാക്കിയിട്ട പോലീസുകാർ തെരുവിൽ അടി വാങ്ങുന്ന സംഭവവും, പൊലീസിനോട് മോശമായി പെരുമാറുന്നതും എല്ലാം, കേരളത്തിൽ ഇപ്പോൾ കൂടുതലാണ്. പൊലീസിൽ ഭയം നഷ്ടപ്പെടുന്നതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്.

See also  കേരളത്തിൽ വന്ദേമാതരം രണ്ട് വരി മാത്രം! കേന്ദ്ര പ്രോട്ടോക്കോൾ അനുസരിക്കില്ലെന്ന് കെ. മുരളീധരൻ

കുറ്റകൃത്യം ചെയ്യുന്നവർക്ക് രണ്ട് അടി കിട്ടുന്നതിൽ എന്താണ് കുഴപ്പം ? അടികിട്ടിയാലേ തിരുത്തൂ എന്ന നിലപാടുള്ളവരെ അങ്ങനെ തന്നെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അത് സമൂഹത്തിനും ഗുണകരമായാണ് മാറുക.പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ് ഐമാരിൽ നിന്നും എടുത്ത് മാറ്റി സിഐ റാങ്കിലുള്ളവർക്ക് നൽകിയതും , പൊലീസിൻ്റെ പ്രവർത്തനത്തെ വല്ലാതെ താളം തെറ്റിച്ചിട്ടുണ്ട്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയാണ് ഇപ്പോൾ വൈകിയെങ്കിലും പഴയപോലെ സ്റ്റേഷൻ ചുമതലയിൽ എസ് ഐ മാരെ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതെന്തായാലും സ്വാഗതാർഹമായ ഒരുകാര്യം തന്നെയാണ്.

EXPRESS VIEW

വീഡിയോ കാണാം…

The post സർക്കാരിൻ്റെ മാനം രക്ഷിച്ചത് വിജയനും കാർത്തിക്കും, പൊലീസ് ഇനിയും കടുപ്പിച്ചില്ലങ്കിൽ… appeared first on Express Kerala.

Spread the love
Scroll to Top