മന്നം ജയന്തി ദിനത്തിൽ സാമൂഹിക പരിഷ്കർത്താവ് മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ അധിഷ്ഠിതമാണ് യഥാർത്ഥ പുരോഗതിയെന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് പ്രധാനമന്ത്രി കുറിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും പ്രചോദനാത്മകമാണെന്നും, നീതിയും ഐക്യവുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ ദർശനങ്ങൾ ഇന്നും നമ്മെ നയിക്കുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
Also Read: വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ല; ബിനോയ് വിശ്വം
പെരുന്നയിൽ ഭക്തിനിർഭരമായ ജയന്തി ആഘോഷം
ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് 149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ഉജ്ജ്വലമായി തുടരുകയാണ്. വ്യാഴാഴ്ച നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ജയന്തി ദിനമായ ഇന്ന് രാവിലെ മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് സമുദായ അംഗങ്ങളും എത്തിച്ചേരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരയോഗ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് സമാധി മണ്ഡപ പരിസരം സജീവമാണ്.
The post മന്നത്ത് പത്മനാഭന് പ്രധാനമന്ത്രിയുടെ ആദരം; ‘ആത്മാഭിമാനത്തിലും സമത്വത്തിലും വിശ്വസിച്ച ക്രാന്തദർശി’ appeared first on Express Kerala.



