അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസിന്റെ നീക്കം; കാപ്പ ചുമത്താനുള്ള നടപടികളും ആരംഭിച്ചു

അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസിന്റെ നീക്കം; കാപ്പ ചുമത്താനുള്ള നടപടികളും ആരംഭിച്ചു

കണ്ണൂർ: ജാമ്യവ്യവസ്ഥകൾ ലംഘിച്ച അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിക്കും. എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും, വ്യവസ്ഥകൾ തെറ്റിച്ചതായി ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുമെന്ന് റൂറൽ എസ്.പി അറിയിച്ചു. ആയങ്കിയെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ഇതിനുപുറമെ, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈയാഴ്ച തന്നെ കണ്ണൂർ കളക്ടർക്ക് സമർപ്പിക്കും.

കണ്ണൂരിൽ ഒളിവിൽ കഴിയാൻ ആയങ്കി എത്തിയത് ബുധനാഴ്ചയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് പ്രണവ്, ബന്ധു കുട്ടൻ എന്നിവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടക്കുകയാണ്. ആയങ്കിയെ അറസ്റ്റ് ചെയ്യാനുള്ള കസ്റ്റഡി അപേക്ഷ കോതമംഗലം പൊലീസ് തലശ്ശേരി കോടതിയിൽ ഇന്ന് നൽകും.

Also Read:ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി ‘ഓപ്പറേഷൻ ഗ്രിപ്പ്’ ശക്തമായി തുടരുകയാണ്. ഗുണ്ടകളുടെ നിരീക്ഷണത്തിനൊപ്പം അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്. എന്നാൽ ഗുണ്ടകൾക്കെതിരെയുള്ള നീക്കങ്ങളുടെ വിശദാംശങ്ങൾ ഓരോ ദിവസവും മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശപ്രകാരം തികച്ചും രഹസ്യമായാണ് നിലവിൽ പൊലീസ് നടപടികൾ പുരോഗമിക്കുന്നത്.

The post അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസിന്റെ നീക്കം; കാപ്പ ചുമത്താനുള്ള നടപടികളും ആരംഭിച്ചു appeared first on Express Kerala.

Spread the love
See also  പുത്തൻ ലുക്ക്! 2027-ൽ അടിമുടി മാറി ക്രെറ്റയെത്തിക്കാൻ ഹ്യുണ്ടായ്
Scroll to Top