മൂന്ന് മാസത്തിൽ താളംതെറ്റിയ സതീശൻ സർക്കാർ, വാഗ്ദാനം വേറെ, ഭരണം വേറെ !

മൂന്ന് മാസത്തിൽ താളംതെറ്റിയ സതീശൻ സർക്കാർ, വാഗ്ദാനം വേറെ, ഭരണം വേറെ !

ധികാരത്തിൽ വന്ന് മൂന്ന് മാസത്തിനുള്ളിൽ തന്നെ സതീശൻ സർക്കാറിനെ ജനങ്ങൾക്ക് മടുത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വാക്കും പ്രവർത്തിയും വ്യത്യസ്തമാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചാണ് ഈ സർക്കാർ നിലവിൽ മുന്നോട്ട് പോകുന്നത്. സതീശൻ സർക്കാറിൻ്റെ ഭരണ പരാജയം മറച്ചു പിടിക്കാൻ, അർജുൻ ആയങ്കിയുടെ അറസ്റ്റ് കൊണ്ടൊന്നും കഴിയില്ലന്നാണ് ആദ്യമേ പറയാനുള്ളത്. ആയങ്കിയെ പിടിച്ചപ്പോൾ, സമാന കുറ്റകൃത്യം ചെയ്ത സംഘപരിവാറിൻ്റെ മുന്നണി പോരാളിയായ ടി ജി മോഹൻദാസിനെയും അറസ്റ്റ് ചെയ്യിപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർബന്ധിക്കപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. അതല്ലാതെ, വീട്ടിൽ വിശ്രമിക്കുന്ന ടിജിയെ ഒളിവിൽ നിന്നൊന്നുമല്ല ചെന്നിത്തലയുടെ പൊലീസ് പിടിച്ചിരിക്കുന്നത് എന്നതും നാം ഓർക്കണം. സൈബർ കുറ്റകൃത്യങ്ങളിൽ രണ്ട് അറസ്റ്റ് നടന്നപ്പോൾ അത് മഹാസംഭവമായി പെരുപ്പിച്ച് കാട്ടുന്ന മാധ്യമങ്ങളും, കാര്യങ്ങളെ യാഥാർത്ഥ്യ ബോധത്തോടെയല്ല വിലയിരുത്തിയിരിക്കുന്നത് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല.

സൈബർ ആക്രമണങ്ങൾക്ക് വിധേയരായ ഒരുപാട് പേർ ഈ നാട്ടിലുണ്ട്. അതിൽ തന്നെ നല്ലൊരു പങ്കും സ്ത്രീകളാണ്. ഇവർ നൽകുന്ന പരാതികളിലൊന്നും ആയങ്കിയുടെ കാര്യത്തിൽ പൊലീസ് കാണിച്ച ഈ വേഗത രാഷ്ട്രീയ കേരളം എന്തായാലും കണ്ടിട്ടില്ല.
ആഭ്യന്തര മത്രിയെ വെല്ലുവിളിച്ചാൽ മാത്രമേ, കേരള പൊലീസിന് പൊള്ളുകയൊള്ളൂ എന്ന ചോദ്യത്തിൻ്റെ പ്രസക്തി വർധിക്കുന്നതും ഇവിടെയാണ്. അതുപോലെ തന്നെ, ഓപ്പറേഷൻ തൂഫാനിൽ , ഒരുപാട് പേരെ പിടികൂടാൻ പൊലിസിന് കഴിഞ്ഞെങ്കിലും , ലഹരി വരുന്ന വഴിയോ, ഇതിന് നേതൃത്വം കൊടുക്കുന്ന വൻകിട മാഫിയകളെയോ ഒന്നു തൊടാൻ പോലും, ഇതുവരെ ചെന്നിത്തലയുടെ പൊലീസിന് കഴിഞ്ഞിട്ടില്ല.

ആഭ്യന്തര വകുപ്പിനെ കോടതി എടുത്തിട്ട് കുടഞ്ഞ സംഭവങ്ങളും നിരവധിയാണ്. ആഭ്യന്തര വകുപ്പിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ചെന്നിത്തലയാണോ, അതോ മുഖ്യമന്ത്രി വി ഡി സതീശനാണോ എന്ന കാര്യത്തിൽ, ആ വകുപ്പിലെ ഉദ്ദ്യോഗസ്ഥർക്കു തന്നെ ഇപ്പോൾ സംശയമുള്ള സാഹചര്യമാണുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതന് ജയിലിൽ കിടന്ന് കൊണ്ടുതന്നെ സത്യപ്രതിജഞ്ഞ ചെയ്യാൻ അവസരം ഉണ്ടാക്കി നൽകിയതും, ഈ സർക്കാറിൻ്റെ പിടിപ്പു കേടിന് മറ്റൊരു ഉദാഹരണമാണ്. മൂന്ന് മാസത്തെ സതീശൻ സർക്കാരിൻ്റെ ഭരണം, ഇതിപോലെ തന്നെ, മറ്റ് പല മേഖലകളിലും തനിസ്വഭാവം കാണിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് , ക്ഷേമ പെൻഷൻ വീട്ടിൽ എത്തിക്കുന്നത് നിർത്തി കളഞ്ഞ നടപടിയാണ്. ഇടതുപക്ഷ സർക്കാർ നല്ലരൂപത്തിൽ കൈകാര്യം ചെയ്ത പദ്ധതിയാണ് ഇതെന്നതും നാം മറന്നുപോകരുത്.

സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തവർ, ഭരണത്തിൽ വന്നപ്പോൾ, പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകളെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഗതാഗത മന്ത്രിയുടെ ഇത്തരം അഭിപ്രായ പ്രകടനത്തെ കുറിച്ച്, മാന്യത കൊണ്ട് തൽക്കാലം കൂടുതലായി ഒന്നും പറയുന്നില്ല. അതു പോലെ തന്നെ, വൈദ്യുതി വകുപ്പ് കുരിശാണെന്ന് പറഞ്ഞത് വകുപ്പ് മന്ത്രി സണ്ണി ജോസഫാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ പവർ കട്ടും ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. യുഡിഎഫ് വന്നാൽ ഇരുണ്ടകാലം വരുമെന്നത് ഇടതുപക്ഷത്തിൻ്റെ പരസ്യ വാചകമായിരുന്നെകിലും , വൈദ്യതി വകുപ്പിനെ സംബന്ധിച്ച് അതിപ്പോൾ സംഭവിച്ചിരിക്കുകയാണ്.

See also  7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തകർന്ന് കൊളംബിയ; മരണസംഖ്യ 132 ആയി, രാജ്യത്ത് അടിയന്തരാവസ്ഥ

ഇനി പറയാനുള്ളത് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എംശ്രീയെ കുറിച്ചാണ്. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഈ പദ്ധതി അറബിക്കടലിൽ ചവിട്ടി താഴ്ത്തുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ ഉൾപ്പെടെ, ഇപ്പോൾ ഈ പദ്ധതിയുടെ ന്യായീകരണ തൊഴിലാളികളായാണ് മാറിയിരിക്കുന്നത്.കേരള മുഖ്യമന്ത്രി വിഡി സതീശൻ , തിരത്തെടുപ്പിന് മുൻപ് വാഹന പ്രേമികളായ യൂത്തൻമാർക്ക് നൽകിയ പ്രധാന വാഗ്ദാനമായിരുന്നു വാഹന മോഡിഫികേഷൻ, അധികാരത്തിൽ വന്നപ്പോൾ, ഈ സർക്കാർ അതിന് അനുമതി നൽകിയില്ലന്നു മാത്രമല്ല, ഇത്തരം വാഹനങ്ങൾക്കുമേൽ തിരഞ്ഞ് പിടിച്ച് ഇപ്പോൾ ഫൈൻ അടിച്ചു കൊണ്ടിരിക്കുകയാണ്.

പ്രളയം നേരിട്ട രീതിയിലും വിഡി സതീശൻ സർക്കാർ വലിയ പരാജയമാണ്. ഇടതുപക്ഷം ഭരിക്കുമ്പോൾ സർക്കാർ സംവിധാനത്തോടൊപ്പം, ഇടതുപക്ഷ സംഘടനകളുടെ ഏകീകൃത പ്രവർത്തനങ്ങളും വലിയ രൂപത്തിലാണ് നടക്കാറുള്ളത്. എന്നാൽ, പരിചയ കുറവും സംഘടനാ ശേഷിയിലെ ദൗർബല്യവും കാരണം, സതീശൻ സർക്കാറിന് വേണ്ടത്ര പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലന്നത് ഒരു യാഥാർത്ഥ്യമാണ്. ജൂലൈ 31 ന് പ്രകൃതിക്ഷോഭം ഉണ്ടായപ്പോൾ കാണാതായ മത്സ്യതൊഴിലാളികളിൽ 3 പേരെ ഇതുവരെ കണ്ടെത്താൻ, സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പ്രളയം ഉണ്ടായ കോന്നിയിൽ 4 സ്ഥലത്താണ് ഉരുൾ പൊട്ടിയത് , എന്നിട്ടും മന്ത്രിമാർ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇക്കാര്യം തുറന്ന് പറഞ്ഞത് സ്ഥലം എംഎൽഎ കെയു ജനീഷ് കുമാർ ഉൾപ്പെടെയുള്ള നാട്ടുകാരാണ്.ഇതുപോലെ തുറന്നു പറയാനും ചൂണ്ടിക്കാട്ടാനും ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും തന്നെ, അന്ധമായ കമ്യൂണിസ്റ്റ് വിരോധം വച്ചു പുലർത്തുന്ന, ഇവിടുത്തെ മാധ്യമങ്ങൾ തുറന്നു കാട്ടില്ലന്ന് ഉറപ്പായതു കൊണ്ടാന്ന് ഇവിടെ പറയേണ്ടി വരുന്നത്.

EXPRESS KERALA

വീഡിയോ കാണാം;

The post മൂന്ന് മാസത്തിൽ താളംതെറ്റിയ സതീശൻ സർക്കാർ, വാഗ്ദാനം വേറെ, ഭരണം വേറെ ! appeared first on Express Kerala.

Spread the love
Scroll to Top