
തിരുവനന്തപുരം: കണ്ണൂരിൽ ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ നേമം സ്വദേശി രാജേഷിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു (Pinarayi Vijayan rescue worker Rajesh). രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്ന നടപടികൾ ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും കുടുംബം അനാഥമാകാൻ ഇടയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് രാജേഷിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുപ്രവർത്തനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഭാഗമായി രാജേഷിന് സാമ്പത്തിക ബാധ്യതകളും കടങ്ങളുമുണ്ടായിരുന്നു. ഇത് തിരിച്ചടയ്ക്കാൻ സർക്കാർ അടിയന്തര സഹായം നൽകണം. ഭാര്യയ്ക്ക് അനുയോജ്യമായ ജോലി നൽകുന്നതിനൊപ്പം കുട്ടികളുടെ ഭാവി വിദ്യാഭ്യാസച്ചെലവുകളും സർക്കാർ ഏറ്റെടുക്കണം. ഇത്തരം ദുരന്തങ്ങളിൽ ജീവൻ വെടിയുന്നവരുടെ കുടുംബങ്ങളെ സഹായിക്കാൻ മുൻപ് സംസ്ഥാനത്ത് നടപ്പിലാക്കിയ മാതൃകകൾ പിന്തുടരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
രാജേഷിന്റെ മൃതദേഹത്തോട് ചിലരുടെ ഭാഗത്തുനിന്നുണ്ടായ നിലപാട് അങ്ങേയറ്റത്തെ അനാദരവാണെന്ന് അദ്ദേഹം വിമർശിച്ചു. സ്വന്തം ജീവൻ അവഗണിച്ച് മറ്റുള്ളവർക്കായി ബലിനൽകിയ വ്യക്തിയെ ജാതിമത ഭേദമന്യേ ആദരിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. അവിടെയുണ്ടായ സംഭവങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Story Summary:
Opposition Leader Pinarayi Vijayan visited the family of Rajesh, who died during rescue operations in Kannur, demanding immediate government support including a job for his wife and coverage of his children’s education.




