
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളി ജോൺ മത്യാസിനായുള്ള തിരച്ചിലിന് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സഹായം തേടിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് (PA Muhammad Riyas Facebook post). മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന മന്ത്രി എന്തിനാണ് കേന്ദ്ര സഹായത്തിനായി ബി.ജെ.പി നേതാവിനെ ഇടനിലക്കാരനാക്കിയതെന്ന് മനസ്സിലാകുന്നില്ലെന്ന് റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
കടലിൽ കാണാതായ ജോൺ മത്യാസിന്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് വിഷയത്തിൽ റിയാസ് തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ 10 വർഷമായി ഇത്തരം അടിയന്തര ഘട്ടങ്ങളിൽ സംസ്ഥാന സർക്കാരിന് നാവികസേനയുടെ സഹായം യാതൊരു ഇടനിലക്കാരുമില്ലാതെ നേരിട്ട് ലഭിക്കാറുള്ളതാണ്. ദുരന്തമുഖങ്ങളിൽ സേനകളുടെ സഹായം ലഭിക്കുക എന്നത് സംസ്ഥാനത്തിന്റെ അവകാശമാണെന്നും അല്ലാതെ ബി.ജെ.പി നേതാക്കൾ കേരളത്തിലെ ജനങ്ങൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ശുപാർശ ചെയ്തില്ലെങ്കിൽ നാവികസേനയുടെ സഹായം സംസ്ഥാനത്തിന് ലഭിക്കില്ലേ എന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദ്യമുന്നയിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മന്ത്രി തന്നെ വിളിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയ റിയാസ്, ഈ സംഭവത്തിലൂടെ സംസ്ഥാന സർക്കാരും ബി.ജെ.പിയും തമ്മിലുള്ള മാനസിക അടുപ്പം കൂടുതൽ വ്യക്തമാകുകയാണെന്നും ആരോപിച്ചു.
Story Summary: Beypore MLA P.A. Mohammed Riyas criticized the Kerala government for seeking BJP leader Rajeev Chandrasekhar’s help to get Indian Navy support for locating a missing fisherman, alleging an unholy nexus between the government and BJP.




