ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 132 ആയി ഉയർന്നു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ മാസത്തിൽ അയൽരാജ്യമായ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതം മാറും മുൻപാണ് കൊളംബിയയെ കണ്ണീരിലാഴ്ത്തി വീണ്ടും ദുരന്തമെത്തിയത്.
പടിഞ്ഞാറൻ കൊളംബിയയിലെ ചോക്കോ പ്രവിശ്യയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പ്രവിശ്യകളിലായി 1,575 വീടുകളും 18 ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നു. കൂടാതെ, മൂന്ന് വിമാനത്താവളങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ആറെണ്ണം പൂർണമായി അടയ്ക്കുകയും ചെയ്തു. പ്രധാന ഭൂകമ്പത്തിന് പിന്നാലെ 21 തുടർചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കൊളംബിയയ്ക്ക് പുറമെ വെനസ്വേലയിലും ഇക്വഡോറിലും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടു.
Also Read: ചൈനയുടെ മിസൈൽ പരീക്ഷണവും ഫിജിയുടെ പ്രതിരോധ കരാറും: പസഫിക്കിൽ കൊമ്പുകോർക്കുന്ന വൻശക്തികൾ!
തകർന്നുവീണ നൂറുകണക്കിന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അടുത്തിടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ അബെലാർഡോ ഡി ലാ എസ്പ്രിയേല്ലയുടെ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഈ ദുരന്തം. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര ധനസഹായവും പുനരധിവാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
The post 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തകർന്ന് കൊളംബിയ; മരണസംഖ്യ 132 ആയി, രാജ്യത്ത് അടിയന്തരാവസ്ഥ appeared first on Express Kerala.




