
ന്യൂഡൽഹി: ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രാജ്യവ്യാപക ക്യാമ്പയിൻ പ്രഖ്യാപിച്ച് CJP സ്ഥാപകൻ അഭിജീത് ദിപ്‌കെ. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ സ്വന്തം ഗ്രാമത്തിൽ നിന്നാണ് ക്യാമ്പയിന് തുടക്കമിടുന്നതെന്ന് ദിപ്‌കെ അറിയിച്ചു (CJP rural government school campaign). ഗ്രാമങ്ങളിലെ നിരവധി കുട്ടികൾ ഇന്നും ദൂരെയുള്ള സ്കൂളുകളിലേക്ക് നടന്നുപോകേണ്ട സാഹചര്യമാണെന്നും സ്കൂളുകളിൽ ശുദ്ധജലം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും ദിപ്‌കെ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പെൺകുട്ടികൾ ഇത്തരം സൗകര്യങ്ങളുടെ അഭാവം മൂലം നേരിടുന്ന ബുദ്ധിമുട്ടുകൾ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി ‘സർപഞ്ച് ചലഞ്ച്’ എന്ന പദ്ധതിക്കും CJP തുടക്കമിടും. സ്വന്തം ഗ്രാമത്തിലെ സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന സർപഞ്ചുമാരുടെ പ്രവർത്തനങ്ങൾ ‘മുമ്പും ശേഷവും’ എന്ന രീതിയിലുള്ള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അവരെ പൊതുവായി അംഗീകരിക്കുമെന്ന് CJP അറിയിച്ചു. കൂടുതൽ ഗ്രാമനേതാക്കളെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സംഘടന വ്യക്തമാക്കി.
അതോടൊപ്പം സർക്കാർ സ്കൂളുകളിൽ പൗരന്മാരുടെ നേതൃത്വത്തിലുള്ള സോഷ്യൽ ഓഡിറ്റിനും CJP ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ സ്കൂളുകൾ സന്ദർശിച്ച് വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, പ്രവർത്തനക്ഷമമായ ശുചിമുറികൾ, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ സൗകര്യങ്ങൾ പരിശോധിക്കണമെന്നാണ് നിർദേശം. സൗകര്യങ്ങളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടാൽ വീഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കാനും CJP ആവശ്യപ്പെട്ടു. ഇതിനായി പ്രിന്റ് ചെയ്ത് ഉപയോഗിക്കാവുന്ന ഓഡിറ്റ് ഫോമും പിന്നീട് പുറത്തിറക്കുമെന്ന് സംഘടന അറിയിച്ചു.
കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ പഠിക്കുന്ന ഗ്രാമീണ സർക്കാർ സ്കൂളുകൾക്കും നഗരങ്ങളിലെ സ്കൂളുകൾക്ക് ലഭിക്കുന്നതിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ദിപ്‌കെ പറഞ്ഞു. “Real India lives in villages” എന്ന സന്ദേശത്തോടെയാണ് ക്യാമ്പയിൻ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഓൺലൈൻ സറ്റയർ പ്ലാറ്റ്‌ഫോമായി ആരംഭിച്ച CJP പിന്നീട് തെരുവിലേക്കും പ്രതിഷേധങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ 36 ദിവസത്തെ സമരം ജൂലൈ 25ന് അവസാനിപ്പിച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് പകരം യുവജന പ്രസ്ഥാനമായി പ്രവർത്തനം തുടരാനാണ് സംഘടന തീരുമാനിച്ചത്. രാജ്യവ്യാപകമായി ജനങ്ങളിലേക്ക് എത്തുന്നതിനായി ‘ക്യാ ബോൽതി പബ്ലിക്?’ എന്ന ക്യാമ്പയിനും CJP പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: CJP founder Abhijeet Dipke has announced a nationwide campaign to improve basic facilities in rural government schools. The initiative, starting on August 15, will include a “Sarpanch Challenge” and citizen-led social audits focusing on electricity, drinking water, toilets and mid-day meals.




