
തിരുവനന്തപുരം: എൻ.എസ്.എസ് (KB Ganesh Kumar NSS news Malayalam) നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. സംഘടനയിൽ ജനാധിപത്യം അസ്തമിച്ചെന്നും ചില ഇത്തിൾക്കണ്ണികൾ എൻ.എസ്.എസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും തിരുവനന്തപുരം മന്നം ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് അദ്ദേഹം തുറന്നടിച്ചു.
മന്നത്ത് ആചാര്യനിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന ഓർമ്മ നേതൃത്വത്തിന് ഉണ്ടാകണമെന്ന് പറഞ്ഞ ഗണേഷ് കുമാർ, എൻ.എസ്.എസിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണെന്നും ആരോപിച്ചു. ഒരു പ്രമുഖ വ്യക്തി തൻ്റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെയാണ് സംഘടനയുടെ വിവിധ തസ്തികകളിൽ നിയമിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ തൂപ്പുജോലിക്ക് കയറാൻ പോലും യോഗ്യതയുള്ളവർ ഈ നേതാവിൻ്റെ കുടുംബത്തിൽ ഇല്ലാത്തതുകൊണ്ടാണ് എൻ.എസ്.എസ് മെഡിക്കൽ കോളേജ് തുടങ്ങാത്തതെന്നും അദ്ദേഹം പരിഹസിച്ചു.
സമുദായത്തിലെ യുവതീ യുവാക്കൾക്കായി ഒരു ഐ.ടി പാർക്കോ തൊഴിൽ സംരംഭങ്ങളോ തുടങ്ങാൻ തയ്യാറാകാത്ത നേതൃത്വം, അവർക്ക് ചായക്കട തുടങ്ങാനാണ് ഉപദേശം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി സമുദായാംഗങ്ങൾ തെരുവിൽ ഇറങ്ങുന്നത് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary: KB Ganesh Kumar MLA launched a scathing attack on NSS leadership, alleging nepotism, lack of democracy, and corruption within the organization during a function in Thiruvananthapuram.




