
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ അപകടസ്ഥലത്തുനിന്ന് ശേഖരിച്ച നിർണ്ണായക തെളിവുകൾ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു (KM Basheer accident case Thiruvananthapuram court). ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഭാഗങ്ങളും ഹെൽമറ്റുമാണ് സാക്ഷി തിരിച്ചറിഞ്ഞത്. ഓട്ടോ ഡ്രൈവറും കേസിലെ പന്ത്രണ്ടാം സാക്ഷിയുമായ വിളപ്പിൽശാല സ്വദേശി സജീറാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലെത്തി വസ്തുക്കൾ തിരിച്ചറിഞ്ഞത്.
അതേസമയം, അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത നമ്പർപ്ലേറ്റ് ഏത് വാഹനത്തിന്റേതാണെന്ന് അറിയില്ലെന്നും അപകടം നടന്ന ശേഷമാണ് സ്ഥലത്തെത്തിയതെന്നുമാണ് സജീർ മൊഴി നൽകിയത്. അതിനാൽ അപകടമുണ്ടാക്കിയ കാറോടിച്ചത് ആരാണെന്ന കാര്യത്തിൽ സജീറിന് വ്യക്തതയില്ലെന്ന് കോടതിയെ അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൽ നിന്ന് കണ്ടെടുത്ത തെളിവുകളും സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ഇതുവരെ വിസ്തരിച്ച 12 സാക്ഷികളിൽ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷെഫീക്ക് കൂറുമാറിയിരുന്നു.
അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കേശവദാസപുരം സ്വദേശിയായ ഡോ. അനീഷ് രാജ് അദ്ദേഹത്തിന്റെ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിരുന്നതായി പത്താം സാക്ഷിയായ ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ നിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഈ ക്വാർട്ടേഴ്സിൽ വെച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ പോലീസിന് കൈമാറിയത് താനാണെന്ന് ഐ.എ.എസ് ട്രെയിനി അതുലും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വെച്ചാണ് കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്.
Story Summary:
In the KM Basheer motor accident death case, the 12th witness identified key evidence including bike parts and helmet in the Thiruvananthapuram court, while revealing details about Sriram Venkitaraman’s blood-stained clothes.




