
തിരുവനന്തപുരം: വിതുര പട്ടൻകുളിച്ചപാറ ഒരുപറ സെറ്റിൽമെന്റിൽ വീട്ടുമുറ്റത്തുനിന്ന് 14 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി (King Cobra caught Vithura Thiruvananthapuram). ഒരുപറ സ്വദേശി അനീഷിന്റെ വീട്ടുമുറ്റത്തെ ചെടികൾക്കിടയിലാണ് വ്യാഴാഴ്ച രാജവെമ്പാലയെ കണ്ടെത്തിയത്. ചെടികൾക്കിടയിൽ പാമ്പിനെ കണ്ട വീട്ടുകാർ ഉടനടി വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരുത്തിപ്പള്ളി ആർ.ആർ.ടി (RRT) അംഗം റോഷ്നിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സാഹസികമായി രാജവെമ്പാലയെ പിടികൂടി ചാക്കിലാക്കി. റെസ്ക്യൂ ചെയ്ത രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ സുരക്ഷിതമായി തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിൽ കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയത് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും വനംവകുപ്പിന്റെ സമയബന്ധിതമായ ഇടപെടൽ ആശ്വാസമായി.
മുമ്പും സമാനമായ രീതിയിൽ പേപ്പാറ, കോട്ടൂർ വനമേഖലകൾക്ക് സമീപമുള്ള ജനവാസ മേഖലകളിൽ നിന്ന് ഭീമൻ രാജവെമ്പാലകളെ റോഷ്നിയും സംഘവും സുരക്ഷിതമായി പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ മാസം കോട്ടൂർ ആമലയിൽ കിണറ്റിൽ വീണ 14 അടി നീളമുള്ള രാജവെമ്പാലയെയും മുൻപ് പേപ്പാറ ഡാം പരിസരത്ത് നിന്ന് 15 അടിയോളം നീളമുള്ള രാജവെമ്പാലയെയും റോഷ്നി റെസ്ക്യൂ ചെയ്തിരുന്നു.
Story Summary:
A 14-foot King Cobra found in the courtyard of a house in Vithura, Thiruvananthapuram, was safely captured by Paruthippally RRT member Roshni and forest officials before being relocated to the wild.




