ഒരു കാലത്ത് ‘ഒരു കുട്ടി മതി’ എന്ന് കർക്കശമായി പറഞ്ഞു പഠിപ്പിച്ച രാജ്യം, നിയമം ലംഘിക്കുന്നവരെ നിർബന്ധിത ഗർഭഛിദ്രത്തിന് വരെ വിധേയരാക്കിയ ചരിത്രം. എന്നാൽ കാലം മാറി, കഥയും മാറി! 2026-ലേക്ക് ചൈന കണ്ണ് തുറന്നത് ലോകത്തെയാകെ അമ്പരപ്പിച്ച ഒരു നികുതി പരിഷ്കാരവുമായാണ്. ദശലക്ഷക്കണക്കിന് ചൈനീസ് യുവാക്കളെ പ്രകോപിപ്പിച്ചും ചിരിപ്പിച്ചും ചൈന ആ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു, ഇനി കോണ്ടം വേണമെങ്കിൽ അധിക നികുതി നൽകണം!
ഗർഭനിരോധന മാർഗ്ഗങ്ങൾക്ക് 13 ശതമാനം മൂല്യവർദ്ധിത നികുതി (VAT) ഏർപ്പെടുത്തിക്കൊണ്ടാണ് ചൈന പുതിയ വർഷം ആരംഭിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി വാറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന കോണ്ടം, ഗർഭനിരോധന ഗുളികകൾ, ഗർഭാശയ ഉപകരണങ്ങൾ എന്നിവയ്ക്ക് ഇനി മുതൽ വില കൂടും. ചൈന നേരിടുന്ന കടുത്ത ജനസംഖ്യാ പ്രതിസന്ധിയും കുറയുന്ന ജനനനിരക്കും മറികടക്കാൻ ചൈന നടത്തുന്ന അവസാനവട്ട പരീക്ഷണമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Also Read:ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
1993-ൽ ചൈന വാറ്റ് സമ്പ്രദായം നടപ്പിലാക്കിയപ്പോൾ ഗർഭനിരോധന മാർഗ്ഗങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അന്ന് രാജ്യം ഒരു കുട്ടി നയം സജീവമായി നടപ്പിലാക്കുകയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി നേരെ തിരിച്ചാണ്. 2024-ൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം വെറും 9.54 ദശലക്ഷം മാത്രമാണ്. ഇത് ഒരു ദശാബ്ദം മുമ്പുള്ളതിന്റെ പകുതി പോലും വരില്ല. ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടന്നതും, മരണനിരക്ക് ജനനനിരക്കിനേക്കാൾ കൂടുന്നതും ചൈനീസ് ഭരണകൂടത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.
ജനസംഖ്യ വർദ്ധിപ്പിക്കാൻ നികുതി ഇളവുകളും ക്യാഷ് ബോണസുകളും നൽകിയിട്ടും യുവാക്കൾ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോഴാണ് ബീജിംഗ് ഈ ‘വിചിത്ര’ നീക്കത്തിലേക്ക് കടന്നത്. ശിശു സംരക്ഷണ സേവനങ്ങൾക്കും വിവാഹ സേവനങ്ങൾക്കും നികുതി ഒഴിവാക്കിയപ്പോൾ, ജനന നിയന്ത്രണ ഉൽപ്പന്നങ്ങളെ നികുതി പരിധിയിൽ കൊണ്ടുവന്നു. ഇത് പ്രതീകാത്മകമായ ഒരു നീക്കമാണെന്ന് വിദഗ്ധർ പറയുന്നു. കോണ്ടം ഒന്നിന് ഏതാനും യുവാൻ അധികം നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും, സർക്കാർ നൽകുന്ന സന്ദേശം വ്യക്തമാണ്: “ഞങ്ങൾക്ക് കൂടുതൽ കുഞ്ഞുങ്ങളെ വേണം!”
Also Read:അറംപറ്റുന്ന പ്രവചനങ്ങൾ, കാരണവന്മാർ പറഞ്ഞത് ! 1901-ന് ശേഷം ഇന്ത്യയിൽ സംഭവിച്ചതെന്ത്? 2025 അവസാനിച്ചത് ഭീതിപ്പെടുത്തുന്ന റെക്കോർഡുകളോടെ
എന്നിരുന്നാലും, ഈ നീക്കം സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. “വില കൂടുന്നതിന് മുമ്പ് ജീവിതകാലം മുഴുവൻ വേണ്ട കോണ്ടം ഞാൻ വാങ്ങി വെക്കും” എന്നാണ് ഒരു ചൈനീസ് യുവാവ് കുറിച്ചത്. “ഒരു കോണ്ടത്തിന്റെ വിലയും ഒരു കുട്ടിയെ വളർത്തുന്നതിന്റെ വിലയും തമ്മിലുള്ള വ്യത്യാസം അധികാരികൾക്ക് മനസ്സിലാകുന്നില്ലേ?” എന്ന ചോദ്യം ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. കുട്ടികളെ വളർത്താൻ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നാണ് ചൈന. വിദ്യാഭ്യാസ ചെലവുകളും അമ്മമാരുടെ ജോലി സമ്മർദ്ദവും നിലനിൽക്കുമ്പോൾ, കോണ്ടത്തിന് വില കൂട്ടിയത് കൊണ്ട് മാത്രം ആരും കുട്ടികളുണ്ടാക്കാൻ തീരുമാനിക്കില്ലെന്ന് യുവാക്കൾ വാദിക്കുന്നു.
പൊതുജനാരോഗ്യ വിദഗ്ധർക്ക് മറ്റൊരു ആശങ്കയാണുള്ളത്. നികുതി വർദ്ധനവ് വിദ്യാർത്ഥികൾക്കും കുറഞ്ഞ വരുമാനക്കാർക്കും ഇടയിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമാകുന്നത് കുറയ്ക്കും. ഇത് ആസൂത്രിതമല്ലാത്ത ഗർഭധാരണങ്ങൾക്കും ലൈംഗികമായി പകരുന്ന രോഗങ്ങൾക്കും (STI) കാരണമായേക്കാം. പ്രത്യേകിച്ച് സ്ത്രീകൾക്കായിരിക്കും ഇതിന്റെ ആഘാതം കൂടുതൽ അനുഭവിക്കേണ്ടി വരികയെന്ന് സോഷ്യോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
Also Read: ഇനി ഇറാൻ തീരുമാനിക്കും..! ഗാസയെ തോൽപ്പിക്കാൻ ആയുധങ്ങൾ പോരാ, നെതന്യാഹുവിന്റെ നുണകളും തകരാത്ത ഗാസയും
ചൈനയുടെ ഈ നീക്കം ഒരു വലിയ ചൂതാട്ടമാണ്. നികുതി വർദ്ധിപ്പിച്ച് ജനന നിയന്ത്രണത്തെ നിരുത്സാഹപ്പെടുത്താമെന്ന് ഭരണകൂടം കരുതുമ്പോൾ, സാമ്പത്തിക സുരക്ഷിതത്വമില്ലാതെ കുടുംബം തുടങ്ങാൻ യുവാക്കൾ തയ്യാറല്ല എന്ന യാഥാർത്ഥ്യം അവശേഷിക്കുന്നു. കോണ്ടത്തിന് നികുതി ചുമത്തുന്നത് വഴി ചൈനയുടെ പൊതു ഖജനാവിലേക്ക് എത്തുന്ന 5 ബില്യൺ യുവാൻ, രാജ്യം നേരിടുന്ന മഹാപ്രതിസന്ധിക്ക് പരിഹാരമാകുമോ എന്നത് കണ്ടറിയണം. തോക്കിൻ മുനയിൽ ജനസംഖ്യ നിയന്ത്രിച്ച ഒരു കാലത്തുനിന്ന്, നികുതി മുനയിൽ ജനസംഖ്യ കൂട്ടാൻ ശ്രമിക്കുന്ന ചൈനയുടെ ഈ ‘ബെൽറ്റ് ആൻഡ് റോഡ്’ നീക്കം എവിടെപ്പോയി അവസാനിക്കുമെന്ന് കാത്തിരുന്നു കാണാം..
The post കുഞ്ഞുങ്ങൾ വേണം, കോണ്ടം വേണ്ട! കൂട്ടിയത് 13% നികുതി, ചൈനയിലെ പുതിയ നിയമം; സംഭവിക്കുന്നത് എന്താണ്… appeared first on Express Kerala.



