
ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ നടത്തിയ നീക്കങ്ങളിൽ സർക്കാർ ഖജനാവിന് നഷ്ടമില്ലെന്ന മുൻ മന്ത്രി വി. അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന നിയമസഭാ രേഖകൾ പുറത്ത്. അർജന്റീന ടീമിനെ ക്ഷണിക്കാനായി സ്പെയിൻ സന്ദർശിച്ച വകയിൽ മാത്രം സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് 13 ലക്ഷത്തിലധികം രൂപ ചെലവായതായി രേഖകൾ വ്യക്തമാക്കുന്നു. മുസ്ലിം ലീഗ് എം.എൽ.എ നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിന് മുൻ മന്ത്രി തന്നെയാണ് നിയമസഭയിൽ ഈ മറുപടി നൽകിയത്. ഇതിനുപുറമെ, മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകൾ ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്.
മെസിയെ എത്തിക്കാൻ ശ്രമിച്ചതിൽ സർക്കാരിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ലെന്നായിരുന്നു മുൻ മന്ത്രിയുടെ മുൻകാല പ്രതികരണം. എന്നാൽ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം, കേരളത്തിൽ അർജന്റീന അക്കാദമികൾ ആരംഭിക്കൽ, സ്പെയിൻ ഹയർ സ്പോർട്സ് കൗൺസിലുമായുള്ള സഹകരണം തുടങ്ങിയ ചർച്ചകൾക്കായി 13,04,343 രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചിട്ടുണ്ടെന്നാണ് മുൻ മന്ത്രി നിയമസഭയെ അറിയിച്ചത്.
Also Read:പിടിച്ച പിടി വിടാതെ പ്രതിപക്ഷം..! ചർച്ചയല്ല, രാജിയാണ് വേണ്ടത്; അമിത് ഷായുടെ ഓഫർ തള്ളി രാഹുൽ ഗാന്ധി, പാർലമെന്റിൽ പോർവിളി
മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ മുൻ സർക്കാരും സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഉണ്ടായിരുന്നതെന്ന ആക്ഷേപങ്ങൾ ശക്തമാവുകയാണ്. കളക്ഷൻ ഏജന്റായി ചുമതലപ്പെടുത്തിയ വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ലെന്നും ആരോപണമുണ്ട്. വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധനവകുപ്പ് ഇതിൽ പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വിവാദ വിഷയത്തിൽ മന്ത്രിസഭ യോഗം ഇന്ന് നിർണായക ചർച്ചകൾ നടത്തിയേക്കുമെന്നാണ് സൂചന.
The post ‘അർജന്റീന മോഹം’ പൊലിഞ്ഞു! സ്പെയിൻ യാത്രയ്ക്കായി ചെലവായത് 13 ലക്ഷമെന്ന് നിയമസഭാ രേഖകൾ; മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിഞ്ഞു appeared first on Express Kerala.




