
സമൂഹമാധ്യമങ്ങൾ വഴി തവണ വ്യവസ്ഥയിൽ എളുപ്പത്തിൽ മൊബൈൽ ഫോണുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. ആകർഷകമായ ഓഫറുകളും കുറഞ്ഞ പ്രതിമാസ തുകയും കാട്ടി ഉപയോക്താക്കളെ വീഴ്ത്തി ബാങ്കിങ് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന വൻ സംഘങ്ങൾ സജീവമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വഞ്ചിക്കപ്പെടരുതെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിലൂടെ കാണുന്ന പരസ്യങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് പരസ്യം നൽകുന്ന വ്യക്തിയോ സ്ഥാപനമോ യഥാർത്ഥമാണോ എന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് വിശദാംശങ്ങൾ, ഒറ്റത്തവണ പാസ്വേഡ് എന്നിവ മറ്റുള്ളവരുമായി പങ്കുവെക്കുകയോ ചെയ്യരുത്. പ്രമുഖ സ്ഥാപനങ്ങളുടെ പേരുകൾ ദുരുപയോഗം ചെയ്തും ആൾമാറാട്ടം നടത്തിയുമാണ് പലപ്പോഴും തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്.
Also Read: ‘ഹബീബി… വെൽക്കം ടു യുഎഇ’: വിസ ഫീസിൽ പതിനായിരങ്ങൾ ലാഭിക്കാം; സൗജന്യ സന്ദർശന വിസയ്ക്ക് അപേക്ഷ നൽകാം!
മൊബൈൽ ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും വാങ്ങുമ്പോൾ അംഗീകൃത വിൽപനക്കാരെയും ഔദ്യോഗിക സ്ഥാപനങ്ങളെയും മാത്രം ആശ്രയിക്കുക. വ്യാജ സന്ദേശങ്ങളും വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴിയാണ് തട്ടിപ്പുകാർ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നത്. സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി 2026-ന്റെ രണ്ടാം പാദത്തിൽ മാത്രം ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിച്ച 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ദുബായ് പോലീസ് അടച്ചുപൂട്ടിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
The post ‘തവണ വ്യവസ്ഥയിൽ ഐഫോണും മൊബൈലുകളും സ്വന്തമാക്കാം’; ആരും ചതിയിൽപ്പെടരുത്, മുന്നറിയിപ്പുമായി യുഎഇ! appeared first on Express Kerala.




