കത്തൊന്നും ലഭിച്ചിട്ടില്ല! സ്പോൺസർമാരുടെ വാദങ്ങൾ പൊളിച്ചടുക്കി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ!

കത്തൊന്നും ലഭിച്ചിട്ടില്ല! സ്പോൺസർമാരുടെ വാദങ്ങൾ പൊളിച്ചടുക്കി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ!

കേരളത്തിലേക്ക് ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സ്പോൺസർമാരുടെ വാദം തള്ളി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ടീം കളിക്കാനെത്തുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തനിക്ക് കത്തുകളൊന്നും അയച്ചിട്ടില്ലെന്ന് പിണറായി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മെസ്സിയും സംഘവും കേരളത്തിൽ വരണമെന്ന് നാട് ആഗ്രഹിച്ചിരുന്നെങ്കിലും അവരുടേതായ കാരണങ്ങളാൽ വരാൻ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്‌മാൻ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇടപാടുകളിൽ യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഒൻപതു കോടി രൂപയുടെ ജി.എസ്.ടി. അടച്ചില്ലെന്ന ഗുരുതര കണ്ടെത്തൽ പുറത്തുവന്നു. വിദേശത്തേക്ക് ആദ്യഘട്ടത്തിൽ കൈമാറിയ 50 കോടി രൂപയ്ക്ക് ജി.എസ്.ടി. ഇനത്തിൽ നികുതി അടയ്ക്കണമെന്ന് 2025-ൽ ജി.എസ്.ടി. ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. എന്നാൽ രാഷ്ട്രീയ ബന്ധമുള്ള ഉദ്യോഗസ്ഥരുടെയും വകുപ്പിലെ ഉന്നതരുടെയും ഇടപെടലിനെ തുടർന്ന് ഈ അന്വേഷണം അന്ന് അട്ടിമറിക്കപ്പെടുകയായിരുന്നു. കേസ് എടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. നിലവിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതോടെ കൈമാറിയ മുഴുവൻ തുകയ്ക്കും നികുതി അടയ്ക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

Also Read:പൊതുമേഖലാ ജീവനക്കാർക്ക് ബോണസ് നൽകും; വി ഡി സതീശൻ

കരാർ ലംഘനങ്ങൾ ഉണ്ടായതിനെ തുടർന്ന് സ്പോൺസർമാർക്കെതിരെ കായിക വകുപ്പും കർശന നടപടികളുമായി രംഗത്തു വന്നിരുന്നു. കരാർ ലംഘനത്തിന് കമ്പനി മാത്രമായിരിക്കും ഉത്തരവാദിയെന്ന് കാണിച്ച് 2025 ഏപ്രിൽ 25-ന് കായിക മന്ത്രിയുടെ ഓഫീസ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കത്തയച്ചിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടശേഷം സ്പോൺസർ തുടർനടപടികൾ സ്വീകരിച്ചില്ലെന്നും കമ്പനി വിശ്വാസവഞ്ചന കാട്ടിയെന്നുമാണ് കത്തിൽ പ്രധാനമായും ആരോപിക്കുന്നത്.

മന്ത്രിയായിരുന്ന കാലത്ത് വി. അബ്ദുറഹ്‌മാൻ നടത്തിയ സ്പെയിൻ സന്ദർശനത്തെയും പിണറായി വിജയൻ ന്യായീകരിച്ചു. മന്ത്രിക്ക് യാത്ര പോകാൻ അർജന്റീനയുമായി പ്രത്യേക കരാറൊന്നും ആവശ്യമില്ലെന്നും, നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മറുഭാഗത്ത് നിന്ന് അത്തരം ആലോചകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. കലൂർ സ്റ്റേഡിയം വിട്ടുകൊടുത്തത് അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള അറ്റകുറ്റപ്പണികൾക്ക് വേണ്ടിയായിരുന്നുവെന്നും, ഇടപാടുകളിൽ അന്വേഷണം നടക്കുമ്പോൾ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

See also  അരുവിക്കരയിൽ അറ്റകുറ്റപ്പണി: തിരുവനന്തപുരം നഗരത്തിൽ വ്യാഴാഴ്ച കുടിവെള്ള വിതരണം തടസ്സപ്പെടും : Thiruvananthapuram water supply disruption

The post കത്തൊന്നും ലഭിച്ചിട്ടില്ല! സ്പോൺസർമാരുടെ വാദങ്ങൾ പൊളിച്ചടുക്കി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ! appeared first on Express Kerala.

Spread the love
Scroll to Top