
ന്യൂഡൽഹി: ധാതുക്കളുടെ അവകാശങ്ങളിലും ധാതുസമ്പന്നമായ ഭൂമിയിലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താനുള്ള അധികാരം പരിമിതപ്പെടുത്തുന്നഗനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, 2026 (Mines and Minerals (Development and Regulation) Amendment Bill, 2026) രാജ്യസഭയും പാസാക്കി. ബുധനാഴ്ച ലോക്സഭ അംഗീകരിച്ച ബിൽ വ്യാഴാഴ്ച രാജ്യസഭയും പാസാക്കിയതോടെ പാർലമെന്റിലെ നിയമനിർമാണ നടപടികൾ പൂർത്തിയായി. ഇനി രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബിൽ നിയമമാകും.
ധാതുക്കളുടെ നികുതി നിരക്കുകളിൽ രാജ്യവ്യാപകമായ ഏകീകരണം ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതിയെന്ന് കേന്ദ്ര ഖനനമന്ത്രി ജി. കിഷൻ റെഡ്ഡി രാജ്യസഭയിലെ ചർച്ചയ്ക്ക് മറുപടിയായി പറഞ്ഞു. സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെയോ വരുമാന അവകാശങ്ങളെയോ ഇല്ലാതാക്കാനല്ല നിയമഭേദഗതിയെന്നും അദ്ദേഹം വ്യക്തമാക്കി. കൽക്കരി, ചുണ്ണാമ്പുകല്ല്, ഇരുമ്പയിര്, ചെമ്പ്, മാംഗനീസ് തുടങ്ങിയ പ്രധാന ധാതുക്കളെ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും 49 ചെറുകിട ധാതുക്കളിൽ സംസ്ഥാനങ്ങൾക്ക് നിലവിലെ അധികാരം തുടരുമെന്നും മന്ത്രി പറഞ്ഞു. കൽക്കരി രാജ്യത്തിന്റെ വൈദ്യുതി ഉൽപാദനത്തിൽ നിർണായകമാണെന്നും ഇന്ത്യയിലെ വൈദ്യുതി ഉൽപാദനത്തിന്റെ 73 ശതമാനവും കൽക്കരിയെ ആശ്രയിച്ചാണെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. രാജ്യത്തെ വ്യവസായങ്ങൾക്ക് ആഗോളതലത്തിൽ മത്സരക്ഷമത നിലനിർത്താൻ വൈദ്യുതി ലഭ്യത നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഭേദഗതിയിലൂടെ സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടാകില്ലെന്നും മന്ത്രി അവകാശപ്പെട്ടു. 2014-15ൽ ധാതു വരുമാനത്തിലെ സംസ്ഥാനങ്ങളുടെ വിഹിതം 65 ശതമാനമായിരുന്നത് ഇപ്പോൾ 85 ശതമാനമായി ഉയർന്നതായും കൽക്കരി വരുമാനത്തിലെ സംസ്ഥാന വിഹിതം 51 ശതമാനത്തിൽ നിന്ന് 96 ശതമാനമായി വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ധാതു വരുമാനത്തിന്റെ ഏകദേശം 88 ശതമാനവും സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നതെന്നും കേന്ദ്രത്തിന് ലഭിക്കുന്നത് ഏകദേശം 11 ശതമാനം മാത്രമാണെന്നും റെഡ്ഡി പറഞ്ഞു.
അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. ഡിഎംകെ എംപി തിരുച്ചി ശിവ ബിൽ രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഭേദഗതി നിർദേശം മുന്നോട്ടുവച്ചെങ്കിലും വോയ്സ് വോട്ടിലൂടെ സഭ തള്ളി. പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളികൾക്കിടയിലാണ് ബിൽ പാസാക്കിയത്. മെഡിക്കൽ പ്രവേശന പരീക്ഷാ പേപ്പർ ചോർച്ചക്കെതിരായ വിദ്യാർഥി പ്രതിഷേധവും ജന്തർ മന്തറിൽ പൊലീസ് നടപടിയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ മറുപടി നൽകണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു.
Summary: The Rajya Sabha has passed the Mines and Minerals (Development and Regulation) Amendment Bill, 2026, limiting states’ powers to levy taxes on mineral rights and mineral-bearing lands. The bill, already approved by the Lok Sabha, will become law after presidential assent. The Centre says the move will ensure uniform mineral taxation, while the Opposition has raised concerns over states’ financial and constitutional rights.




