ലോകപ്രശസ്തമായ ‘നാട്ടു നാട്ടു’ ഗാനത്തിലൂടെ നെറുകെയിലെത്തിയ പ്രമുഖ ഗായകൻ രാഹുൽ സിപ്ലിഗഞ്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസുകളിൽ പ്രതിചേർക്കപ്പെട്ടത് സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വിശാഖപട്ടണം സ്വദേശിയായ യുവതി നൽകിയ പരാതിയിൽ രാഹുൽ സിപ്ലിഗഞ്ചും ഭാര്യയും ഉൾപ്പെടെ 16 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. തനിക്കെതിരെ കേസെടുക്കാനിടയായ സാഹചര്യത്തെക്കുറിച്ചും ഒന്നാം പ്രതിയുമായുള്ള ബന്ധത്തെക്കുറിച്ചും ഗായകൻ തന്നെ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
കേസിലെ ഒന്നാം പ്രതിയായ കർപ്പുരപു രാഹുൽ റെഡ്ഡി തന്റെ ഭാര്യ ഹരിണ്യ റെഡ്ഡിയുടെ ബന്ധുവാണെന്നാണ് രാഹുൽ സിപ്ലിഗഞ്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്. ഡേറ്റിംഗ് ആപ്പായ ‘ബംബിൾ’ വഴി പരിചയപ്പെട്ട പരാതിക്കാരിയും രാഹുൽ റെഡ്ഡിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, പിന്നീട് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് കേസിന് ആധാരമെന്നും ഗായകൻ അവകാശപ്പെടുന്നു. നിലവിൽ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയിട്ടുണ്ടെന്നും, ജൂലൈയിൽ ഇരുവരും ഒന്നിച്ചു ചെയ്ത വീഡിയോ തന്റെ ഭാര്യയ്ക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്ത പുറത്തുവന്നതിന് പിന്നാലെ താൻ പരാതിക്കാരിയുമായി സംസാരിച്ചതായും, കേസിൽ പ്രതിചേർക്കപ്പെട്ട അഭിഭാഷകനാണ് വിവരങ്ങൾ ചോർത്തിയത് എന്ന് യുവതി തന്നോട് വ്യക്തമാക്കിയതായും രാഹുൽ കൂട്ടിച്ചേർത്തു. പോലീസുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ;ഓണത്തിന് നാട്ടിലേക്ക് പോകാൻ തയാറെടുത്തോളൂ! ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു; സമയവും സ്റ്റോപ്പുകളും അറിയാം
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള എം.വി.പി കോളനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വനിതാ പോലീസിന് കൈമാറുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി രാഹുൽ റെഡ്ഡി തന്നെ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ, ബന്ധം അവസാനിപ്പിക്കാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെടുകയും ഗായകനും ഭാര്യയും ഉൾപ്പെടെയുള്ളവർ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. രാഹുൽ സിപ്ലിഗഞ്ച്, ഭാര്യ ഹരിണ്യ റെഡ്ഡി, രാഹുൽ റെഡ്ഡി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെയാണ് കർശന വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
The post വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്..! പ്രതിചേർക്കപ്പെട്ടതിൽ വിശദീകരണവുമായി രാഹുൽ സിപ്ലിഗഞ്ച് appeared first on Express Kerala.




