
ലഖ്നൗ: ലഖ്നൗവിൽ ബൈക്ക് യാത്രയ്ക്കിടെ 17 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ റാപിഡോ (Rapido driver harassment Lucknow) ഡ്രൈവർക്കെതിരെ കമ്പനിയുടെ നിർണ്ണായക നടപടി. യാത്രക്കാരനായ കൗമാരക്കാരൻ സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ സഹിതം സംഭവം പുറത്തുവിട്ടതിനെ തുടർന്നാണ് ഡ്രൈവറെ പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്കിയത്.
യാത്രയ്ക്കിടെ ബൈക്കിന് പിന്നിൽ ഇരിക്കുമ്പോൾ ഡ്രൈവർ തുടർച്ചയായി തന്റെ ശരീരത്തിലേക്ക് കൈനീട്ടുകയും കാലുകളിലും തുടകളിലും സ്പർശിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് 17-കാരൻ ആരോപിച്ചു. കൈ തട്ടിമാറ്റിയിട്ടും ഡ്രൈവർ വീണ്ടും മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ കുട്ടി വീഡിയോയായി പകർത്തി റാപിഡോയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കടുത്ത നടപടിയുമായി കമ്പനി രംഗത്തെത്തി. ഉപഭോക്താക്കളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി റാപിഡോ ഡ്രൈവറെ ആപ്പിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കി. ആരോപണം ഗൗരവമായി കാണുന്നുവെന്നും സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കമ്പനി അറിയിച്ചു. വിഷയത്തിൽ വേഗത്തിൽ ഇടപെട്ട് നടപടിയെടുത്തതിന് കൗമാരക്കാരൻ പിന്നീട് റാപിഡോയ്ക്ക് നന്ദി അറിയിച്ചു.
Story Summary: Rapido has banned a bike-taxi driver from its platform after a 17-year-old passenger in Lucknow posted a video revealing that the driver sexually harassed him during the ride.




