
വിദ്യാർഥികളുടെ സമരത്തെ തുടർന്ന് കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചു. സേ പരീക്ഷ ഫീസ് 6,000 രൂപയിൽ നിന്ന് 1,000 രൂപയായി കുറയ്ക്കാനും, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നിർദ്ദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കാനും കോളേജ് അധികൃതർ തയ്യാറായി. വിദ്യാർഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കുമെന്നും, കുറഞ്ഞ ക്രെഡിറ്റിന്റെ പേരിൽ രജിസ്ട്രേഷൻ തടസ്സപ്പെട്ട കുട്ടികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കുമെന്നും കോളേജ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. വിദ്യാർഥികൾ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ ഈ നടപടി.
എന്നിരുന്നാലും, മാനേജ്‌മെന്റിന്റെ ഈ സർക്കുലർ അംഗീകരിക്കാൻ കഴിയില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് വിദ്യാർഥികളുടെ നിലപാട്. കോളേജിന് മുന്നിൽ പ്രതിഷേധം ആരംഭിച്ച വിദ്യാർഥികൾ അധ്യാപകരെ തടയുകയും പ്രിൻസിപ്പലും ഡീനും സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിയമങ്ങളിൽ മാറ്റം വരുത്തിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും, ഇയർ ബാക്കായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ മാനേജ്‌മെന്റ് ഏറ്റെടുത്തിട്ടില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
Also Read:അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണം, വടി ഉപയോഗിക്കരുത്; പൊലീസിന് കര്‍ശന നിർദ്ദേശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
മിച്ചിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക, മാനേജ്‌മെന്റ് നൽകിയ ഉറപ്പുകൾ രേഖാമൂലം പ്രസിദ്ധീകരിക്കുക, മകനെ നഷ്ടപ്പെട്ട കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. പ്രശ്നങ്ങളിൽ വ്യക്തമായ തീരുമാനമാകുന്നതുവരെ കോളേജിന്റെ പ്രവർത്തനം സ്തംഭിപ്പിക്കുമെന്നും കോളേജിലെ മുഴുവൻ വിദ്യാർഥികളും സമരത്തിന്റെ ഭാഗമാകുമെന്നും വിദ്യാർഥി കൂട്ടായ്മ വ്യക്തമാക്കി.
The post എം.എ കോളേജിൽ വിദ്യാർത്ഥികളുടെ സമരം ശക്തം; മാനേജ്മെന്റിന്റെ ഇളവുകൾ തള്ളി വിദ്യാർത്ഥികൾ appeared first on Express Kerala.




