
കൊൽക്കത്ത: മധ്യ കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ചികിത്സാ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്തയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ന്യൂ മാർക്കറ്റിന് സമീപമാണ് തീപിടിത്തമുണ്ടായ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ പെട്ടെന്ന് പടർന്നുപിടിച്ചതിനെ തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തി പരന്നു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം ആരംഭിച്ചു. പുക ശ്വസിച്ച് ബോധരഹിതരായ നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
Also Read: ഇറക്കുമതിക്ക് പൂട്ടുവീഴുന്നു, ഇന്ത്യ സ്വന്തമായി നിർമ്മിക്കാൻ പോകുന്ന ആ 405 ആയുധ രഹസ്യങ്ങൾ എന്തൊക്കെ?
തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, എയർ കണ്ടീഷണറിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ചതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. കഴിഞ്ഞ തിങ്കളാഴ്ച പശ്ചിമ ബംഗാളിലെ താരാപിത്ത് പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ തീപിടിച്ച് എട്ട് പേർ മരിച്ചതിന് തൊട്ടുപിന്നാലെയാണ് കൊൽക്കത്തയിലും സമാനമായ ദുരന്തം ഉണ്ടായിരിക്കുന്നത്.
The post കൊൽക്കത്തയിൽ ഹോട്ടലിന് തീപിടിച്ച് അപകടം; 9 ബംഗ്ലാദേശ് പൗരന്മാർക്ക് ദാരുണാന്ത്യം! appeared first on Express Kerala.




