
തമിഴ്നാട്ടിലെ ജോസഫ് സി. വിജയ് സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഫോർട്ട് സെന്റ് ജോർജിലെ മെയിൻ ബ്ലോക്കിൽനിന്ന് സമീപത്തെ നാമക്കൽ കവിജ്ഞർ മാളികൈ കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ടെൻഡറിലാണ് ക്രമക്കേട് നടന്നതെന്നാണ് പ്രധാന ആരോപണം. അധികാരത്തിലെത്തി നൂറുദിനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സർക്കാർ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റുന്നത് വ്യക്തിപരമായ ആഡംബരത്തിന് വേണ്ടിയല്ലെന്നും, മറിച്ച് മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മെച്ചപ്പെട്ട സൗകര്യങ്ങളും മതിയായ സ്ഥലവും ഉറപ്പുവരുത്തുന്നതിനാണെന്നുമാണ് ടിവികെ ഇതിന് മറുപടി നൽകിയിരിക്കുന്നത്. എന്നാൽ പുതിയ ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങൾ, ഔദ്യോഗിക ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിന് മുന്നേ തന്നെ ആരംഭിച്ചിരുന്നുവെന്നാണ് പ്രതിപക്ഷമായ ഡിഎംകെയുടെയും ബിജെപിയുടെയും പ്രധാന വാദം.
Also Read:കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആര് വരും? ഡൽഹിയിൽ മുഖ്യമന്ത്രിയും കെ.സി വേണുഗോപാലും തമ്മിൽ നിർണായക ചർച്ച!
നിർമ്മാണം ആരംഭിച്ച് ഒരുമാസത്തിന് ശേഷമാണ് 5.5 കോടിയുടെ ടെൻഡർ വിളിച്ചതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. സുതാര്യവും അഴിമതിരഹിതവുമായ ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ വിജയ്, നാമക്കൽ കവിജ്ഞർ മാളികൈയിലേക്ക് ഓഫീസ് മാറ്റാനായി പത്താമത്തെ നില മുഴുവൻ മാറ്റിവെച്ചെന്നും പിഡബ്ല്യൂഡിയോട് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ആവശ്യപ്പെട്ടതായും ബിജെപി നേതാക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ ഒരുമാസമായി നവീകരണ ജോലികൾ നടന്നു വരികയാണെങ്കിലും, ഈ മാസം 12-ാം തീയതിയാണ് പിഡബ്ല്യൂഡി ഔദ്യോഗികമായി ടെൻഡറുമായി രംഗത്തെത്തിയത്. ഔദ്യോഗിക എൻജിനീയർമാരുടെ കീഴിൽ ജോലികൾ നടന്നുകൊണ്ടിരിക്കവേ ഒരുമാസത്തിനിപ്പുറം എന്തിനാണ് ഈ ടെൻഡർ വിളിച്ചതെന്ന ചോദ്യമാണ് ബിജെപി നേതാക്കൾ ഉയർത്തുന്നത്. ഈ വിഷയത്തിൽ രാഷ്ട്രീയമായി വലിയ ചർച്ചകളാണ് തമിഴ്നാട്ടിൽ നടക്കുന്നത്.
The post അഞ്ച് കോടിയുടെ ഓഫീസ് മാറ്റത്തിന് പിന്നിലെ രഹസ്യങ്ങൾ; വിജയ് സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി! appeared first on Express Kerala.




