കേരള തീരത്ത് കള്ളക്കടൽ ഭീഷണി; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് | Kerala Kallakkadal warning

കേരള തീരത്ത് കള്ളക്കടൽ ഭീഷണി; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് | Kerala Kallakkadal warning

Kerala Kallakkadal warning

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെയും ശക്തമായ തിരമാലകളുടെയും സാധ്യത കണക്കിലെടുത്ത് കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു (Kerala Kallakkadal warning). തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയും കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ആഗസ്റ്റ് 20 വൈകിട്ട് 5.30 വരെ തീരത്ത് 1.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണം ശക്തമാകാനും സാധ്യതയുണ്ട്.

പ്രത്യേകിച്ച് തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ ജാഗ്രത വേണം. എറണാകുളത്ത് മുനമ്പം മുതൽ മറുവക്കാട് വരെയും തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും മുന്നറിയിപ്പ് ബാധകമാണ്.

മലപ്പുറത്ത് കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട്ട് ചോമ്പാല മുതൽ രാമനാട്ടുകര വരെ, കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെ, കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ തീരപ്രദേശങ്ങളിലും പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്.

കേരളത്തിന് പുറമെ തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപ്, മാഹി, കർണാടക തീരദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും നിർദേശങ്ങൾ

കടൽക്ഷോഭത്തിന് സാധ്യതയുള്ള അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലിറക്കുന്നത് ഒഴിവാക്കണം.
ഉയർന്ന തിരമാലയും കള്ളക്കടൽ പ്രതിഭാസവും ഉണ്ടാകാൻ സാധ്യതയുള്ള സമയങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുകയോ കരയ്ക്കടുപ്പിക്കുകയോ ചെയ്യരുത്.

മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും കടലുമായി ബന്ധപ്പെട്ട മറ്റ് വിനോദങ്ങളും ഒഴിവാക്കണം.

മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണം. യാനങ്ങൾ തമ്മിൽ ആവശ്യമായ അകലം പാലിച്ച് കൂട്ടിയിടി ഒഴിവാക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

See also  സിഎൻജി നിറയ്ക്കുന്നതിനിടെ വൻ ദുരന്തം; പമ്പിൽ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിച്ചു!

ബീച്ചിലേക്കുള്ള അനാവശ്യ യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദ പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം.

തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Story Summary: A red alert has been issued for all coastal districts of Kerala due to the possibility of high waves and the ‘Kallakkadal’ phenomenon until 5.30 pm on August 20. Authorities have warned fishermen and coastal residents to avoid sea activities, beach visits and unsafe coastal areas.

Spread the love
Scroll to Top