മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനെതിരെ സിപിഎം ഉയർത്തുന്ന രാഷ്ട്രീയ പ്രേരിതമെന്ന വാദത്തിന് മറുപടിയുമായി സിപിഐ. ‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’ എന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത്. ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ സിപിഐക്ക് പങ്കില്ലെന്നും പാർട്ടിക്ക് അതിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ ലക്ഷങ്ങളുടെ ഹവാല ഇടപാടുകൾ നടന്നതായി ഇ.ഡി വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഐയുടെ പ്രതികരണം. പാർട്ടി നേതാക്കളുടെ പരിചയക്കാരെ പോലും ഇ.ഡി വേട്ടയാടുകയാണെന്നും ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ വിഷയത്തിൽ സിപിഐ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്.
ALSO READ;ഹസീനയല്ല, ഇനി ആലംഗീർ..! ചിലർക്ക് സഹിക്കില്ല, കാരണം ഇത് അല്പം മധുരം ചേർന്ന പ്രതികാരം
സിഎംആർഎൽ–എക്സാലോജിക് കേസിലെ അന്വേഷണത്തിൽ, പിണറായി വിജയന്റെ മകൾ ടി.വീണയുടെ വീട്ടിൽനിന്ന് നേരത്തെ കണ്ടെത്തിയ പണം ഇടപാടുകളുടെ കയ്യെഴുത്ത് രേഖകളിലാണ് ഇ.ഡി അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകൾ രേഖകളിലുണ്ടെന്നാണ് വിവരം. ഇതിൽ 3.49 ലക്ഷം യുഎഇ ദിർഹം, ഏകദേശം 85 ലക്ഷം രൂപ, ദുബായിലേക്ക് കൈമാറിയതായും രേഖകളിൽ പറയുന്നതായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
ഹവാല ചാനലുകൾ വഴി പണം കൈമാറിയതിന്റെ സൂചനകൾ ലഭിച്ചതായും ഇ.ഡി അറിയിച്ചു. പണം കൈപ്പറ്റിയവരുടെ പേരുകൾ, കൈമാറിയ തുക, ചെലവഴിച്ച തുക തുടങ്ങിയ വിവരങ്ങൾ കയ്യെഴുത്ത് രേഖകളിലുണ്ടെന്നും ഇ.ഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ മാസപ്പടി കേസിലെ അന്വേഷണത്തിൽ സിപിഐയുടെ വ്യത്യസ്ത നിലപാടും പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.
The post എന്നാലുമെന്റെ സഖാവേ..!‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’; മാസപ്പടി കേസിൽ സിപിഎമ്മിനെ തള്ളി സിപിഐ appeared first on Express Kerala.




