സ്വകാര്യതാ ലംഘനക്കേസിൽ തോറ്റതിന് പിന്നാലെ ഹാരി രാജകുമാരനും എൽട്ടൺ ജോണും ഉൾപ്പെടെയുള്ള പ്രമുഖർക്ക് കനത്ത നിയമച്ചെലവ്. ഡെയ്‌ലി മെയിലിന്റെ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്സിന് ആദ്യ ഗഡുവായി 95.44 ലക്ഷം പൗണ്ട് നൽകാനാണ് ലണ്ടൻ ഹൈക്കോടതിയുടെ ഉത്തരവ്. ഓഗസ്റ്റ് 28ന് വൈകിട്ട് 4 മണിക്ക് മുമ്പായി തുക അടയ്ക്കണം.
ഹാരി രാജകുമാരനൊപ്പം എൽട്ടൺ ജോൺ, എലിസബത്ത് ഹർലി, നടൻ ജൂഡ് ലോയുടെ മുൻഭാര്യ സാഡി ഫ്രോസ്റ്റ് ഉൾപ്പെടെ എട്ട് പ്രമുഖരാണ് കേസിൽ ഹർജിക്കാർ. 1990കൾ മുതൽ 2011 വരെ നിയമവിരുദ്ധ മാർഗങ്ങളിലൂടെ വിവരങ്ങൾ ശേഖരിച്ച് ഡെയ്‌ലി മെയിലും മെയിൽ ഓൺ സൺഡേയും തങ്ങളെക്കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. കാറുകളിലും വീടുകളിലും യന്ത്ര സഹായത്താൽ ചോർത്തിക്കേൾക്കുക, ബാങ്ക് അക്കൗണ്ടുകളിലേക്കും ചികിത്സാ രേഖകളിലേക്കും അനധികൃതമായി പ്രവേശിക്കുക തുടങ്ങിയ ആരോപണങ്ങളും ഇവർ ഉന്നയിച്ചിരുന്നു. എന്നാൽ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്സ് ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു.
ALSO READ;‘ഇപ്പോഴാണ് യുദ്ധം അവസാനിപ്പിക്കേണ്ടത്, ‘ഇറാൻ ശക്തമായ നിലയിൽ..! നിർണായക പ്രതികരണവുമായി പെസഷ്കിയാൻ
ജൂലൈ 7ന് ലണ്ടൻ ഹൈക്കോടതി കേസിൽ വിധി പറഞ്ഞപ്പോൾ, ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ അവരുടെയെല്ലാം അവകാശവാദങ്ങൾ തള്ളുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച ജസ്റ്റിസ് നിക്‌ലിൻ ആദ്യഘട്ട നിയമച്ചെലവായി 95,44,355 പൗണ്ട് നൽകാൻ ഉത്തരവിട്ടു. എന്നാൽ ഓരോ ഹർജിക്കാരനും ഒടുവിൽ നൽകേണ്ട ആകെ തുക എത്രയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
കേസിനായി അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്സ് ഏകദേശം 3.4 കോടി പൗണ്ട് ചെലവഴിച്ചതായാണ് റിപ്പോർട്ട്. ശേഷിക്കുന്ന നിയമച്ചെലവ് പിന്നീട് നടക്കുന്ന വാദങ്ങളിൽ തീരുമാനിക്കും. ചെലവിന്റെ കാര്യത്തിൽ പ്രസാധകന്റെ ആവശ്യം കോടതി പരിഗണിച്ചെങ്കിലും, ചെലവ് ‘അസാധാരണമായി ഉയർന്നതും മുമ്പുണ്ടാകാത്തതുമായ’താണെന്ന് ജസ്റ്റിസ് നിക്‌ലിൻ നിരീക്ഷിച്ചു. ഇതോടെ ടാബ്ലോയിഡുകൾക്കെതിരായ ഹാരിയുടെ ദീർഘകാല നിയമപോരാട്ടത്തിൽ മറ്റൊരു വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
The post ഹാരി രാജകുമാരന് വൻ തിരിച്ചടി; ഡെയ്‌ലി മെയിലിന് 9.5 മില്യൺ പൗണ്ട് നൽകണം, കാരണം ഇതാണ് appeared first on Express Kerala.




