
തിരുവനന്തപുരം: തൃശ്ശൂരിലെ പുലിക്കളി കലാകാരന്മാർക്കെതിരായ അധിക്ഷേപങ്ങളിൽ രൂക്ഷവിമർശനവുമായി ടൂറിസം മന്ത്രി (Thrissur Pulikali controversy). പുലിക്കളി കലാകാരന്മാരുടെ ശരീരത്തെ പരിഹസിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ മുതൽ പുലിക്കളി സംഘങ്ങൾക്കുള്ള സർക്കാർ ധനസഹായം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പുലിക്കളിയെക്കുറിച്ച് നടത്തിയ സോഷ്യൽ മീഡിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. സംഭവം കലാകാരന്മാർക്കിടയിൽ വലിയ അമർഷത്തിനിടയാക്കുകയും പിന്നീട് ശ്രീരാമൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മനുഷ്യരെ ശരീരത്തിന്റെയോ ബാഹ്യരൂപത്തിന്റെയോ പേരിൽ അധിക്ഷേപിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും, ശ്രീരാമനിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായത് ഏറെ വിഷമമുണ്ടാക്കിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നാടകപ്രവർത്തകർക്ക് സാംസ്കാരിക മന്ത്രി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നാടകം ആവശ്യപ്പെടുന്ന രീതിയിലാണ് കലാകാരന്മാർ വേദിയിലെത്തുന്നതെന്നും അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കിയ മന്ത്രി, സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Story Summary: Tourism Minister condemned body-shaming remarks against Thrissur Pulikali artists and announced an increase in financial aid for Pulikali groups, while Culture Minister backed artists of the play ‘MISA’.




