കർഷകന്റെ പരാതിക്ക് എംഎൽഎയുടെ ഇടപെടലിൽ പരിഹാരം; കാട്ടൂർ പൊഞ്ഞനം സ്വദേശിക്ക് പണം കൈമാറി
ഇരിങ്ങാലക്കുട: പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കി വിളവെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങിയവർ രണ്ടര വർഷമായിട്ടും പണം നല്കാതിരുന്നതോടെ കർഷക ദിനത്തിൽ കുടുംബസമേതം നിരാഹാരമിരുന്ന കർഷകന് തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ഇടപെടലിലൂടെ പണം ലഭിച്ചു. കാട്ടൂർ പഞ്ചായത്ത് പൊഞ്ഞനം സ്വദേശി കടവിൽ വീട്ടിൽ അനിൽകുമാറിനാണ് പണം ലഭിച്ചത്. കാട്ടൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസിലേക്കാണ് അനിൽകുമാർ തണ്ണിമത്തനും പൊട്ടവെള്ളരിയും നൽകിയത്. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാതെയായപ്പോഴാണ് നിരാഹാരവുമായി അനിലിൽകുമാറും കുടുംബവും കാട്ടൂർ പഞ്ചായത്തിന്റെ കർഷകദിനാഘോഷം നടന്ന വേദിക്കരികിൽ നിരാഹാരം ഇരുന്നത്. കർഷകദിനാഘോഷം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ തോമസ് ഉണ്ണിയാടന് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. വൈകീട്ടോടെ അനിൽകുമാറിന്റെ വീട്ടിലെത്തിയ തോമസ് ഉണ്ണിയാടൻ എം എൽ എ അദ്ദേഹത്തിന് ലഭിക്കാനുള്ള ഏഴായിരം രൂപ അനിൽകുമാറിന് കൈമാറുകയായിരുന്നു.


