
ന്യൂഡൽഹി: രാജ്യത്തേക്ക് അതിർത്തി കടന്നുള്ള അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനും അനധികൃതമായി തങ്ങുന്ന വിദേശികളെ കണ്ടെത്തി നാടുകടത്താനും സുരക്ഷാ ഏജൻസികൾക്കും സംസ്ഥാന പൊലീസ് മേധാവിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. ഡൽഹിയിൽ ആരംഭിച്ച രണ്ടുദിവസത്തെ ദേശീയ സുരക്ഷാ തന്ത്രജ്ഞത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Amit Shah Directs Security Agencies To Detect And Deport Illegal Migrants At NSSC 2026)
ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് മൾട്ടി ഏജൻസി സെന്റർ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ വിവരങ്ങളുടെ എ.ഐ അധിഷ്ഠിത വിശകലനം നടത്തി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ രൂപീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി നിർദ്ദേശിച്ചു. ഭീകരവാദവും തീവ്രവാദവും ഫലപ്രദമായി ചെറുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ‘പ്രഹാർ’ പദ്ധതി നടപ്പാക്കൽ, ഒളിവിൽ കഴിയുന്ന കുറ്റവാളികളെ തിരികെ കൊണ്ടുവന്ന് വിചാരണ വേഗത്തിലാക്കൽ, യു.എ.പി.എ (UAPA) കേസുകളിൽ സമഗ്രമായ അന്വേഷണം എന്നിവ ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐ.ബി ഡയറക്ടർ മഹേഷ് ദീക്ഷിത്, സി.എ.പി.എഫ് തലവന്മാർ എന്നിവർ നേരിട്ടും, വിവിധ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർ, യുവ പൊലീസ് ഉദ്യോഗസ്ഥർ, മേഖലയിലെ വിദഗ്ദ്ധർ എന്നിവരുൾപ്പെടെ 850-ഓളം പേർ ഓൺലൈനായും പങ്കെടുത്ത ഹൈബ്രിഡ് രീതിയിലാണ് സമ്മേളനം നടക്കുന്നത്. രണ്ടാം ദിവസമായ ചൊവ്വാഴ്ച വിവര യുദ്ധങ്ങൾ, ബയോ-സെക്യൂരിറ്റി ചട്ടക്കൂട്, സൈബർ കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
Story Summary
Union Home Minister Amit Shah directed security agencies and state police chiefs to detect and deport illegal immigrants during the National Security Strategies Conference 2026. He stressed the importance of AI-driven intelligence analysis, trial of absconding fugitives, and effective implementation of the MHA’s PRAHAAR scheme to tackle security challenges.




