തൃശൂർ കോർപറേഷൻ ഡിവിഷൻ 8-ൽ ഇന്ത്യൻ റിസർവ് ബറ്റാലിയന് സമീപം, ശാന്ത ബിൽഡിംഗ്സ് ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലെ 25 അടിയോളം ആഴമുള്ള കിണർ പൂർണമായും ഇടിഞ്ഞുതാഴ്ന്നു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളും കിണറ്റിൽപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃശൂർ അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. ഒ. വർഗീസിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. ശ്രീജിത്തിന്റെയും നേതൃത്വത്തിലുള്ള സേന രക്ഷാപ്രവർത്തനം ആരംഭിച്ചു.
കിണർ വീണ്ടും ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് ക്രെയിൻ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. സേനാംഗമായ യദുരാജ് സേഫ്റ്റി ഹാർനെസ് ധരിച്ച് ക്രെയിനിൽ ഹുക്ക് ചെയ്ത് കിണറ്റിലിറങ്ങി, രണ്ട് സ്കൂട്ടറുകളും കെട്ടിയുറപ്പിച്ച് ഓരോന്നായി പുറത്തെടുത്തു.


