
തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ പി. എച്ച്. കുര്യൻ (67) അന്തരിച്ചു (P H Kurian). കോട്ടയം സൗത്ത് പാമ്പാടി പുല്ലുക്കോട്ടയിൽ സ്വദേശിയായ അദ്ദേഹം കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
1986 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ പി. എച്ച്. കുര്യൻ ഭരണരംഗത്ത് നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. റവന്യൂ, വ്യവസായം, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം കോട്ടയം ജില്ലാ കളക്ടറായും പ്രവർത്തിച്ചു.
ഒഡീഷ സർക്കാരിലും വിവിധ ചുമതലകളിൽ പ്രവർത്തിച്ചിട്ടുള്ള പി. എച്ച്. കുര്യൻ കേന്ദ്ര സർക്കാരിന് കീഴിൽ പേറ്റന്റ്സ്, ട്രേഡ്മാർക്സ് ആൻഡ് ഡിസൈൻസ് കൺട്രോളർ ജനറൽ പദവിയും വഹിച്ചിട്ടുണ്ട്. ഐടി, വ്യവസായ മേഖലകളിലെ നയരൂപീകരണത്തിലും ഭരണപരമായ പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി.
മൃതശരീരം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മുട്ടടയിലെ വസതിയിൽ എത്തിക്കും. തുടർന്ന് വൈകിട്ട് കോട്ടയം സൗത്ത് പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ 11 മണിക്ക് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാരം നടക്കും.
പി. എച്ച്. കുര്യന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. റവന്യൂ, വ്യവസായം, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും ജില്ലാ കളക്ടറായും അദ്ദേഹം നൽകിയ സേവനം മികച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി, വ്യവസായ നയരൂപീകരണ മേഖലകളിലും കുര്യന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നുവെന്നും കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
Story Summary:
Senior IAS officer and former Additional Chief Secretary P. H. Kurian, 67, passed away while undergoing cancer treatment at KIMS Hospital in Thiruvananthapuram. A 1986-batch Kerala cadre officer, he held several key administrative positions in Kerala, Odisha and the central government.




