നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ ; നിക്ഷേപങ്ങൾ സമാഹരിച്ചവരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകി തുടങ്ങുമെന്ന് സമരസമിതി
ഇരിങ്ങാലക്കുട : നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ. ബാങ്കിന് മുന്നിൽ നടത്തിയ പട്ടിണി സമരത്തിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ അടക്കം ഒരു വിഭാഗമാണ് ബാങ്ക് ഭരണസമിതി ചെയർമാൻ കൂടിയായിരുന്ന എം പി ജാക്സൻ്റെ മെയിൻ റോഡിലുള്ള വസതിയുടെ മുമ്പിൽ പ്രതിഷേധവുമായി ഒത്തുചേർന്നത്.
ബാങ്കിന് മുന്നിലെ സമരക്കാർക്ക് അഭിവാദ്യം അർപ്പിച്ച് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി വി ശിവകകുമാർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ക്യപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിലുള്ള സംഘം എന്നിവരും എത്തി. മൂന്ന് തവണ കേന്ദ്രമന്ത്രിയും എം പി യുമായ സുരേഷ് ഗോപിയുമായി വിഷയത്തിൽ ചർച്ച പൂർത്തിയാക്കിയതായും നിക്ഷേപകരുടെ പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ ഇടുന്നതോടെ ഇ ഡി യുടെ അന്വേഷണത്തിനുളള നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും സമരസമിതി നേതാക്കൾ വെളിപ്പെടുത്തി. നിക്ഷേപങ്ങൾ സമാഹരിച്ച ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ പേരിൽ ഉടൻ പരാതികൾ നൽകി തുടങ്ങുമെന്നും ഇവർ അറിയിച്ചു.



