കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുപക്ഷത്തെ നയിക്കുമെന്ന് സൂചന. പിണറായി വിജയന്റെ നേതൃത്വത്തിൽ മൂന്നാം ഭരണതുടർച്ച ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി നിലവിൽ പ്രതിനിധാനം ചെയ്യുന്ന ധർമ്മടം മണ്ഡലത്തിൽ തന്നെ വീണ്ടും മത്സരിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങൾ നൽകുന്ന സൂചന. പിണറായി വിജയന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത് അണികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നും വിജയം ഉറപ്പാക്കാൻ സഹായിക്കുമെന്നും മുന്നണി വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെന്ന പോലെ, നയിക്കാൻ പിണറായി ഉണ്ടെങ്കിൽ വിജയം ഉറപ്പെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.
തുടർച്ചയായ മൂന്നാം വിജയമെന്ന ചരിത്രനേട്ടം ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലേക്കാണ് സി.പി.എം. കടക്കുന്നത്. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടെങ്കിലും, കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ ക്ഷേമപദ്ധതികളും വികസന നേട്ടങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്ന് മുന്നണി കണക്കുകൂട്ടുന്നു. അതേസമയം, മുന്നണി പ്രതിപക്ഷത്തായാൽ പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ ഉണ്ടാവില്ലെന്നും സൂചനകളുണ്ട്. അങ്ങനെയെങ്കിൽ പുതുമുഖത്തെ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്ത് ഉടനീളം മുഖ്യമന്ത്രി പ്രചാരണം നയിക്കുമെന്നും ജനപ്രീതിയുള്ള മറ്റ് നേതാക്കൾക്കും ടേം വ്യവസ്ഥയിൽ ഇളവുനൽകുമെന്നും സൂചനകളുണ്ട്.
The post മൂന്നാമൂഴത്തിന് പിണറായി;’ക്യാപ്റ്റൻ ഉണ്ടെങ്കിൽ വിജയം ഉറപ്പ്’! നയിക്കാൻ മുഖ്യമന്ത്രി തന്നെയെന്ന് എൽ.ഡി.എഫ് appeared first on Express Kerala.



