ഭാര്യയാണെന്ന വാദം ഉന്നയിച്ചാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം പോക്സോ കുറ്റം; ഹൈക്കോടതി | Kerala High Court POCSO Act


കൊച്ചി: ഭാര്യയാണെന്ന വാദം ഉന്നയിച്ചാലും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി (Kerala High Court POCSO Act). പാലക്കാട് മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 27കാരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ നിരീക്ഷണം.
കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന പ്രത്യേക നിയമമാണ് പോക്സോയെന്നും വ്യക്തിനിയമങ്ങളേക്കാൾ ഈ നിയമത്തിന് മുൻഗണനയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 18 വയസ്സിന് താഴെയുള്ള എല്ലാവരെയും നിയമം കുട്ടികളായാണ് പരിഗണിക്കുന്നതെന്നും വിവാഹിതയാണോ എന്നത് ഈ സാഹചര്യത്തിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി.
17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണത്തെ തുടർന്ന് 2022ലാണ് മണ്ണാർക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പെൺകുട്ടി തന്റെ നിയമപരമായ ഭാര്യയാണെന്നും ഇസ്ലാമിക ആചാരപ്രകാരം വിവാഹിതരായതാണെന്നും പ്രതി കോടതിയിൽ വാദിച്ചു.
15 വയസ്സ് കഴിഞ്ഞ ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ മുൻകാല വ്യവസ്ഥയും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പോക്സോ നിയമം കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേകമായി രൂപീകരിച്ച നിയമമാണെന്നും ഈ വിഷയത്തിൽ വിവാഹബന്ധം പ്രതിക്ക് നിയമപരമായ സംരക്ഷണം നൽകില്ലെന്നും കോടതി വ്യക്തമാക്കി.
ഭാര്യയ്ക്ക് 15 വയസ്സ് കഴിഞ്ഞാൽ ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കില്ലെന്ന ഐപിസിയിലെ വ്യവസ്ഥ സുപ്രീംകോടതി നേരത്തെ പരിഗണിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ‘ഇൻഡിപെൻഡന്റ് തോട്ട്’ കേസിലെ സുപ്രീംകോടതി വിധിയിലൂടെ ഈ സാഹചര്യത്തിൽ സംരക്ഷിക്കപ്പെടുന്ന പ്രായപരിധി 18 വയസ്സ് വരെയായി ഉയർത്തിയിരുന്നു.
അതിനാൽ ഹർജിക്കാരനെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. കേസിന്റെ നടപടികൾ തടയാനാകില്ലെന്നും പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസ് നിയമാനുസൃതമായി തുടരാമെന്നും ഹൈക്കോടതി നിർദേശിച്ചു.
Story Summary: The Kerala High Court has ruled that sexual relations with a girl below the age of 18 constitute an offence under the POCSO Act, even if she is legally claimed to be the accused person’s wife. The court dismissed a petition seeking to quash proceedings in a 2022 sexual assault case registered in Mannarkkad.

