തിരുവനന്തപുരം: വിദ്വേഷ പ്രസംഗ വിവാദത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും എന്നാൽ ആരെയും മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. തീവ്രമായി സംസാരിക്കുന്നവരെ ഉദ്ദേശിച്ചാണ് താൻ തീവ്രവാദി എന്ന പദം ഉപയോഗിച്ചതെന്നും അതിനെ മതവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വിളിച്ചുവരുത്തിയപ്പോൾ അവിടെയും ഒരു ചാനൽ പ്രശ്നമുണ്ടാക്കിയെന്നും തനിക്ക് ഭയമില്ലെന്നും, ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമുദായങ്ങൾ തമ്മിലുള്ള ആനുകൂല്യങ്ങളിലെ അസമത്വം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വീണ്ടും ആഞ്ഞടിച്ചത്. മുസ്ലിം സമുദായത്തിന് സംസ്ഥാനത്ത് 4100 സ്കൂളുകളുള്ളപ്പോൾ ഈഴവ സമുദായത്തിന് വെറും 370 സ്കൂളുകൾ മാത്രമാണുള്ളതെന്നും മലപ്പുറത്ത് മാത്രം അവർക്ക് 17 കോളേജുകൾ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഇനി ഞാനില്ല! നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ പിന്മാറി വി.എം. സുധീരൻ
നീതികേട് തുറന്നുപറയുന്നത് എങ്ങനെ മുസ്ലിം വിരോധമാകുമെന്നും തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് യുഡിഎഫിനൊപ്പം നിന്നപ്പോൾ ആനുകൂല്യങ്ങൾ നൽകാമെന്ന് പറഞ്ഞ് ലീഗ് നേതാക്കൾ എസ്എൻഡിപിയെ കൂടെ നടത്തിയെങ്കിലും ഭരണം കിട്ടിയപ്പോൾ ഒന്നും നൽകിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
The post മതതീവ്രവാദിയല്ല, ‘തീവ്രമായി സംസാരിക്കുന്നവൻ’; വെള്ളാപ്പള്ളി നടേശൻ appeared first on Express Kerala.



